അതിര്‍ത്തിയില്‍ ഭീഷ്മ ടാങ്കുകളും റഫാല്‍ വിമാനങ്ങളും; ബി ആര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ഇന്ത്യ

Posted on: October 13, 2020 4:20 pm | Last updated: October 13, 2020 at 6:05 pm

ന്യൂഡല്‍ഹി | കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബി ആര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ഇന്ത്യന്‍ സായുധ സേന. ഭീഷ്മ ടാങ്കുകളും റഫാല്‍ യുദ്ധവിമാനങ്ങളും ഉള്‍പ്പെട്ടതാണ് ബി ആര്‍ പദ്ധതി. ചൈനക്കൊപ്പം പാക്കിസ്ഥാന്റെയും ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനാണ് പദ്ധതിക്ക് രൂപംകൊടുത്തിട്ടുള്ളത്.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ അതിക്രമങ്ങളെ നേരിടാന്‍ കിഴക്കന്‍ ലഡാക്കില്‍ 17,000 അടി ഉയരത്തില്‍ ഭീഷ്മ ടാങ്കുകള്‍ ഇന്ത്യന്‍ സേന നേരത്തെത്തന്നെ വിന്യസിച്ചു കഴിഞ്ഞിട്ടുണ്ട്. ചൈനയാണെങ്കില്‍ ടി-63, ടി-99 ടാങ്കുകളെയാണ് നിയന്ത്രണ രേഖയില്‍ വിന്യസിച്ചിട്ടുള്ളത്. എന്നാല്‍, ഇവയെക്കാള്‍ ശക്തമാണ് ഭീഷ്മ ടാങ്കുകളെന്നാണ് വിദഗ്ധര്‍ പറയുന്നത്. റഫാല്‍ വിമാനങ്ങളും ചൈനക്കും പാക്കിസ്ഥാനും ഉറക്കമില്ലാ രാത്രികള്‍ സമ്മാനിക്കും. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ റഫാല്‍ വിമാനങ്ങളെ കുറിച്ചുള്ള ഭീതി കുറച്ചു ദിവസം മുമ്പ് പാക് സൈനിക മേധാവി ജനറല്‍ ബജ്വ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പാക്കിസ്ഥാനെതിരായ ആക്രമണത്തിന് റഫാല്‍ ജെറ്റുകള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യ പദ്ധതിയിടുന്നതായി പാക് വ്യോമസേനാ മേധാവി ആരോപിക്കുകയും ചെയ്തിരുന്നു.