സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; സുരാജ്, കനി മികച്ച അഭിനേതാക്കള്‍

Posted on: October 13, 2020 1:18 pm | Last updated: October 13, 2020 at 8:30 pm

തിരുവനന്തപുരം | കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂടും കനി കുസൃതിയുമാണ് മികച്ച അഭിനേതാക്കള്‍. നേരത്തേ മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ച സുരാജിന് ഇതാദ്യമായാണ് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സുരാജിനെ മികച്ച നടനാക്കിയത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. റഹ്മാന്‍ സഹോദരങ്ങള്‍ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. ജെല്ലിക്കെട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച സ്വഭാവനടനും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവനടിക്കുമുളള അവാര്‍ഡുകള്‍ സ്വന്തമാക്കി. മൂത്തോനിലെ അഭിനയത്തിന് നിവന്‍ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമാക്കി.