Connect with us

Kerala

മൊയ്തു കിഴിശ്ശേരി: ലോകം നടന്നുതീര്‍ത്ത മനുഷ്യന്‍

Published

|

Last Updated

മലപ്പുറം | ലോകം നടന്നു തീര്‍ത്തൊരു മനുഷ്യന്‍. ഒറ്റവാചകത്തില്‍ മൊയ്തു കിഴിശ്ശേരിയെ അങ്ങനെ വിശേഷിപ്പിക്കാം. ഇരുളും വെളിച്ചവും തുളച്ചുകയറി മനസ്സുറപ്പിന്റെ മായാജാലം കൊണ്ട് കാടും മേടും മരുഭൂമിയും മുറിച്ചു കടന്ന മനുഷ്യന്‍. വിസയും പാസ്‌പോര്‍ട്ടുമില്ലാതെ 43 രാഷ്ട്രങ്ങളില്‍ അദ്ദേഹം കാലുകുത്തി. മലപ്പുറം കിഴിശ്ശേരി പൊക്കനാളില്‍ റോസ്വില്ലയിലെ മൊയ്തു കിഴിശ്ശേരി ഓര്‍മയാകുമ്പോള്‍ ഒരു സാഹസിക ചരിത്രാന്വേഷിയെ കുടിയാണ് നഷ്ടമാകുന്നത്.

1959 കിഴിശ്ശേരിയിലാണ് മൊയ്തുവിന്റെ ജനനം. പലപ്പോഴും പട്ടിണി തിന്ന് വിശപ്പ് മാറ്റേണ്ട പരിതസ്ഥിതിയില്‍ പിതാവ് ഇല്ലിയന്‍ അഹ്മദ്കുട്ടിയും മാതാവ് കദിയക്കുട്ടിയും കഷ്ടപ്പാടിന്റെ കനല്‍ കോരി. പരാധീനതയുടെ പ്രളയക്കെടുതിയിലും പള്ളിക്കൂടത്തിന്റെ പടിവാതിലോളം കടന്നു ചെന്നു മൊയ്തു. സ്ലൈറ്റും പെന്‍സിലുമില്ലാതെ പതുക്കെ പടിക്കു പുറത്തായി. വിദ്യ വിദൂര സ്വപ്നമായിട്ടും സ്‌കൂള്‍ പോക്ക് മുടക്കിയില്ല. കിലോമീറ്ററുകള്‍ നടന്ന് കവലയും കൊണ്ടോട്ടിയും ചുറ്റിക്കണ്ട് സ്‌കൂള്‍ വിടുന്ന നേരം നോക്കി വീടണഞ്ഞു; സ്‌കൂള്‍ കാണാത്ത നല്ലകുട്ടിയായി പഠനം നാലാം ക്ലാസില്‍ അവസാനിപ്പിച്ചു. അല്ല, പട്ടിണി മൂലം അവസാനിപ്പിക്കേണ്ടി വന്നു.

ജീവിതം ബൈത്തീണങ്ങളുടെ താളാത്മകതയില്‍ ലയിച്ച് പള്ളി ദര്‍സില്‍ ചേര്‍ന്ന മൊയ്തുവിന്റെ ജീവിതം പിന്നീടാണ് ഗതിമാറി ഒഴുകിയത്. മനസ്സ് ആത്മീയതയുടെ അനന്തതയെ തേടി ഇറങ്ങിയതതോടെ മൊയ്തുവിലെ ലോകസഞ്ചാരി ജനിച്ചു. “നിങ്ങള്‍ ഭൂമിയില്‍ ചുറ്റിസഞ്ചരിക്കൂ”- ഖുര്‍ആന്റെ നിര്‍ദേശം മനസ്സില്‍ ആവാഹിച്ച ആ യുവാവിന്റെ മനസ്സില്‍ പിന്നെ യാത്രകളെകുറിച്ചുള്ള സ്വപ്‌നങ്ങളായിരുന്നു. നയാ പൈസയില്ല. പക്ഷേ… പോയേ തീരൂ എന്ന നിര്‍ബന്ധമാണ് മൊയ്തുവിനെ സഞ്ചാരിയാക്കിയത്. ഇബ്നു ബത്തൂത്തയുടെയും ഇബ്നു ജുബൈറിന്റെയുമൊക്കെ സഞ്ചാര കഥ വായിച്ച് ഒന്നുറപ്പിച്ചു. ഇസ്ലാമിന്റെ ചരിത്രാംശങ്ങള്‍ തേടിപ്പിടിക്കും.

കിഴിശ്ശേരി അങ്ങാടിയിലെ പഴയ ജുമാ മസ്ജിദില്‍ ദര്‍സ് ഓതിക്കൊണ്ടിരുന്ന കാലത്താണ് ചങ്ങാടത്തിലേറി മൊയ്തു യാത്ര തുടങ്ങുന്നത്. പ്രതിബന്ധങ്ങളെല്ലാം തകര്‍ത്ത് മൊയ്തുവിലെ സഞ്ചാരി നടന്നുനീങ്ങിയത് ചരിത്ര യാഥാര്‍ഥ്യങ്ങളിലേക്കായിരുന്നു. ഖാഫ് മല, അലന്‍ ഗേറ്റിനപ്പുറത്ത് ദുല്‍ഖര്‍നൈന്റെ മതില്‍, ഇബ്റാഹീമി(അ)ന്റെ അഗ്‌നികുണ്ഠം, നൂഹി(അ)ന്റെ പെട്ടകം, ലൂത്വി(അ)ന്റെ അട്ടിമറിക്കപ്പെട്ട ഭൂമിയില്‍, അസ്ഹാബുല്‍ കഹ്ഫിന്റെ ഗുഹക്കുളളില്‍, കിസ്റയുടെ ഗോപുരങ്ങള്‍ വീണുടഞ്ഞ കോട്ടയില്‍, യൂഫ്രട്ടീസ്, ബൈത്തുല്‍ മുഖദ്ദസ്, നജ്ഫും കര്‍ബലയും… പറഞ്ഞുതീര്‍ക്കാനാകില്ല ഈ സഞ്ചാരിയുടെ യാത്രാവഴികള്‍.

അതിപുരാതന സംസ്‌കാരങ്ങളുടെ അവശിഷ്ടങ്ങളും പരിണാമങ്ങളും കണ്ണില്‍ തൊട്ടറിഞ്ഞ്, അസ്ഥികളും തലയോട്ടികളും ചിതറിക്കിടന്ന യുദ്ധഭൂമികളിലൂടെ, ചക്രവാളം കുട ചൂടിയ മരുഭൂമികളിലൂടെ, സൈകത ഭൂമിയുടെ തീക്ഷ്ണതയെ നെഞ്ചേറ്റി, കാനന വന്യതയില്‍ വിയര്‍ത്തും വിറച്ചും വിറങ്ങലിച്ചും വിസയും പാസ്പോര്‍ട്ടുമില്ലാതെ നടന്നുതീര്‍ത്തത് 43 രാഷ്ട്രങ്ങള്‍. കാക്കസസ് പര്‍വത നിരകള്‍ കയറി, ഹോര്‍മുസ് ഉള്‍ക്കടലിന്റെ കയങ്ങളിലൂടെ ഊളിയിട്ട്, കാട്ടുജാതികള്‍ക്കൊപ്പം താമസിച്ച്, യൂഫ്രട്ടീസ്- ജോര്‍ദാന്‍ നദികള്‍ മുറിച്ചു കടന്ന്, കൊടും കാനനത്തില്‍ അന്തിയുറങ്ങി, ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്ത് ചാടി, പിരമിഡിനുളളില്‍ നുഴഞ്ഞു കയറി, വെടിയുണ്ടകളില്‍ നിന്ന്, നരഭോജികളില്‍ നിന്ന്, കടല്‍ക്ഷോഭത്തില്‍ നിന്ന്, ചതുപ്പ് നിലങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് സാഹസങ്ങളുടെ സര്‍വാധിപനായി മൊയ്തു.


Read More: മൊയ്തു കിഴിശ്ശേരിയെ കുറിച്ച് 2019 ജൂലെെ ഏഴിന് സിറാജ് പ്രതിവാരത്തിൽ പ്രസിദ്ദീകരിച്ച കവർ സ്റ്റോറി വായിക്കാം…

ഏകാന്ത പഥികൻ


കേവല യാത്രക്കപ്പുറം അനുഭവങ്ങളുടെ തീക്കൂട്ട് തന്നെയായിരുന്നു മൊയ്തുവിന്. ചാരനും ഭീകരനുമായി ജയില്‍ കയറി, ധീരനായി.. വീരനായി.. ആദരണീയനായ അധ്യാപകനായി ജയിലിറങ്ങിയ മറിമായങ്ങള്‍…നാടും വീടും വിട്ടെറിഞ്ഞ നാടോടിപ്പയ്യന്റെ സഞ്ചാര കഥ കേള്‍ക്കാന്‍ കൗതുക പൂര്‍വം കാതു കൂര്‍പ്പിച്ചിരിക്കുന്ന ജനങ്ങള്‍… പൂവും പൂമാലയുമിട്ട് സ്വീകരിച്ച സംസ്‌കാരങ്ങള്‍… ആശങ്കകളില്ലാതെ അഭയവും അന്നവും തന്ന സ്നേഹികള്‍… കാശും കൈനിറയെ സമ്മാനങ്ങളും തന്ന ദേശങ്ങള്‍… എല്ലാത്തിനും പുറമെ, വെറുതെയെന്നറിഞ്ഞിട്ടും പ്രണയത്തിന്റെ പട്ടുടുപ്പില്‍ പൊതിഞ്ഞ ഫിദ, മെഹ്റിന്‍, ഗോക്ചെന്‍ തുടങ്ങിയവര്‍. സര്‍വകലാശാലകളും കോളജുകളും അതിശയങ്ങളുടെ സഹയാത്രികനെ സ്വീകരിച്ചാനയിച്ചു. സഞ്ചാര ജീവിതത്തിന്റെ അടരോരോന്ന് അഴിച്ചെടുക്കുമ്പോള്‍ ഏതോ മായാജാല ലോകത്തെന്ന പോലെ അധ്യാപകരും വിദ്യാര്‍ഥികളും വിസ്മയം പൂണ്ടു. അതേ, ഒരു വിസ്മയ പുസ്തകമായിരുന്നു മൊയ്തു കിഴിശ്ശേരി.

Latest