Connect with us

Kozhikode

കേരള മുസ്‌ലിം ജമാഅത്ത് കാലഘട്ടത്തിന്റെ അനിവാര്യത: കാന്തപുരം

Published

|

Last Updated

കോഴിക്കോട് | കേരള മുസ്‌ലിം ജമാഅത്ത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉയർത്തിപ്പിടിക്കുന്ന ആശയാദർശങ്ങൾ മുസ്‌ലിം ബഹുജനങ്ങളിലെത്തിക്കുകയെന്ന മഹത്തായ ദൗത്യമാണ് സംഘടന നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന സമ്മിറ്റ്- 2020ൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തിന്റെ മാതൃകകളാണ് സമസ്തയും കീഴ്ഘടകങ്ങളും സൃഷ്ടിക്കുന്നത്.

ബഹുസ്വര സമൂഹമാണ് നമ്മുടേത്. സ്‌നേഹവും സൗഹാർദവും അതിലുപരി രാജ്യസ്‌നേഹവും നാം കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് സാമൂഹിക സേവനം മുഖ്യ അജൻഡയായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. മതകീയമായി ജീവിക്കാൻ മുസ്‌ലിം സമൂഹത്തെ പ്രാപ്തമാക്കുകയാണ് സംഘടനയെന്നും കാന്തപുരം പറഞ്ഞു. ഓൺലൈൻ സമ്മിറ്റ് സമസ്ത പ്രസിഡന്റ്ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി.

സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി, കെ കെ അഹമ്മദ് കുട്ടി മുസ്‌ല്യാർ കട്ടിപ്പാറ, അബൂഹനീഫൽ ഫൈസി തെന്നല, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, സയ്യിദ് ത്വാഹാ തങ്ങൾ, സി കെ റാഷിദ് ബുഖാരി സംബന്ധിച്ചു. വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി സ്വാഗതവും പ്രൊഫ. യു സി അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു. 2014ൽ സമസ്ത കേരള സുന്നി യുവജനസംഘത്തിന്റെ അറുപതാം വാർഷികത്തിന്റെ സമാപനത്തിലാണ് കേരള മുസ്‌ലിം ജമാഅത്ത് രൂപവത്കരണ പ്രഖ്യാപനം നടന്നത്. 2015 ഒക്‌ടോബർ 10ന് കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപിതമായി. ദീനീരംഗത്ത് നിരവധി സംഘടനകൾ നിറഞ്ഞുനിൽക്കുമ്പോഴാണ് കാലത്തിന്റെ ആവശ്യകതയായി കേരള മുസ് ലിം ജമാഅത്ത് പണ്ഡിതരുടെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെടുന്നത്. വിദ്യാർഥികളും യുവജനങ്ങളും വയോജനങ്ങളും ഉൾപ്പെടെ വിവിധ മേഖകളിലുള്ളവരെ ഉൾക്കൊള്ളുന്ന സംവിധാനമായാണ് സംഘടന പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

വിദ്യാർഥി പ്രസ്ഥാനമായി എസ് എസ് എഫും യുവജന നിരയായി എസ് വൈ എസും അധ്യാപക ഘടകമായി ആയിരക്കണക്കിന് അധ്യാപകർ ഉൾക്കൊള്ളുന്ന സുന്നി ജംഇയ്യത്തുൽ മുഅല്ലിമീനും മാനേജ്‌മെന്റ്പ്രവർത്തനങ്ങൾ നടത്തുന്ന സുന്നി മാനേജ്‌മെന്റ് അസോസിയേഷനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സുന്നി വിദ്യാഭ്യാസ ബോർഡും പ്രവാസി മുഖമായ ഐ സി എഫും കേരള മുസ്‌ലിം ജമാഅത്തിന്റെ കുടക്കീഴിൽ വരുന്ന സംഘടനകളാണ്.

---- facebook comment plugin here -----

Latest