Connect with us

Ongoing News

ശ്രീറാമിന്റെ നിയമനം: കുറ്റവാളിക്ക് പഴുതൊരുക്കുന്ന നടപടി- എസ് വൈ എസ്

Published

|

Last Updated

കോഴിക്കോട് | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാർത്ത കണ്ടെത്താനുള്ള പി ആർ ഡിയുടെ ഫാക്ട് ചെക്ക് വിഭാഗത്തിൽ നിയമിച്ച നടപടി കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള വാതിൽ തുറന്നു കൊടുക്കുന്നതാണെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.

മദ്യപിച്ച് ലക്കുകെട്ട് കാറോടിക്കുകയും ഒരാളുടെ മരണത്തിന് കാരണക്കാരനാവുകയും ചെയ്ത കേസിൽ നിന്ന് രക്ഷപ്പെടാൻ തന്റെ ഔദ്യോഗിക പശ്ചാത്തലം ശ്രീറാം നന്നായി ദുരുപയോഗം ചെയ്തിട്ടുണ്ട്. തെളിവ് നശിപ്പിക്കാനും സർവീസിൽ തിരിച്ചെത്താനും ശ്രീറാമിന് സാധിച്ചത് ഇതിന്റെ വ്യക്തമായ തെളിവാണ്.

അദ്ദേഹത്തെ തന്നെ മാധ്യമ വാർത്തകൾ പരിശോധിക്കാനും നിയന്ത്രിക്കാനും കഴിയുന്ന ഒരു തസ്തികയിൽ നിയമിക്കപ്പെട്ടാൽ തനിക്കെതിരെ വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയാൻ ശ്രമിക്കുമെന്ന് ഉറപ്പാണ്.
അത് കേസിൽ നിന്ന് പുറത്തേക്കുള്ള വഴി എളുപ്പമാക്കും. അതിനാൽ ഈ നിയമനം റദ്ദാക്കണം. നേരത്തേ ആരോഗ്യ വകുപ്പിൽ അദ്ദേഹത്തെ നിയമിച്ചത് തന്നെ ഇത്തരം സാധ്യതകൾക്കിടയാക്കിയിട്ടുണ്ട്.

ബഷീർ കൊലപാതകക്കേസിന്റെ നടപടിക്രമങ്ങൾ സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യേണ്ടതിന്റെ മുന്നോടിയായി കുറ്റപത്രം വായിച്ചുകേൾക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ട് മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും കോടതിയുടെ ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള ശ്രീറാം ഔദ്യോഗികമായ തിരക്കുകൾ പറഞ്ഞു മാറിനിൽക്കുകയാണ്. വിചാരണയും തുടർപ്രവർത്തനങ്ങളും സുഗമമായി മുന്പോട്ടുകൊണ്ടുപോകുന്നതിന് ഈ ഉത്തരവാദിത്വങ്ങൾ വിലങ്ങ് തടിയാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അതിനാൽ കേസിന്റെ വിധി വരുന്നത് വരെ എല്ലാ തസ്തികയിൽ നിന്ന് ശ്രീറാമിനെ മാറ്റിനിറുത്തി വിചാരണ വേഗത്തിലാക്കാൻ സർക്കാർ അവസരമൊരുക്കണമെന്ന് എസ് വൈ എസ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു.

Latest