Gulf
തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍; ഹറമില്‍ പുതുതായി 500 ജീവനക്കാരെ കൂടി നിയമിച്ചു

മക്ക | മക്കയിലെ മസ്ജിദുല്‍ ഹറം പള്ളിയിലെത്തുന്ന ഉംറ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി പുതുതായി 500 ജീവനക്കാരെ കൂടി നിയമിച്ചതായി ഹറം കാര്യ മന്ത്രാലയം അറിയിച്ചു. പുതുതായി നിയമനം ലഭിച്ചവര്‍ മൂന്ന് ഷിഫ്റ്റുകളിലായി 18 അംഗ സമിതിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുക. ഓരോ മൂന്ന് മണിക്കൂറിലുമാണ് ആയിരം തീര്‍ഥാടകര്‍ വീതം ഹറമിലേക്ക് പ്രവേശിക്കുന്നത്.
പള്ളിയുടെ പ്രവേശന കവാട പോയിന്റുകളായ ഷബിക പോയിന്റ്, അജിയാദ്, കിഡ്ഡി, ബാബ് അലി എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന നിലവിലെ തിരക്ക് ഒഴിവാക്കാന്‍ കഴിയുമെന്നും ഹറമില്‍ പ്രവേശിച്ച് ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നത് വരെയുള്ള മുഴുവന്‍ സൗകര്യങ്ങളും തീര്‍ഥാടകര്‍ക്ക് നല്‍കി വരുന്നുണ്ടെന്നും പൂര്‍ണ സംതൃപ്തിയോടെയാണ് ഹാജിമാര്‍ മടങ്ങുന്നതെന്നും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ ക്രൗഡ്‌സ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഉസാമ അല്‍ ഹുജൈലി പറഞ്ഞു,