National
ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ തടഞ്ഞുവെച്ചതിനെതിരായ ഹരജി തള്ളി

ലഖ്‌നോ | ഹാത്രാസല്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ പോലീസ് വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വാത്മീകി സംഘടന നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഖില ഭാരതീയ വാത്മീകി മഹാപഞ്ചായത്ത് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി തള്ളിയത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ കേസ് പരിഗണിക്കുന്നില്ലെന്നും
ജഡ്ജുമാരായ പ്രകാശ് പാഡിയ, പ്രിതിങ്കര്‍ ദിവാകര്‍ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവരെ സ്വതന്ത്രമായി ആളുകളോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ പൂട്ടിയിട്ട് അവരുടെ അനുവാദം പോലുമില്ലാതെയാണ് ഉത്തര്‍പ്രദേശ് പോലീസ് മൃതദേഹം സംസ്‌കരിച്ചതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.