Connect with us

National

തെറ്റാത്ത അടവുകള്‍, പിഴക്കാത്ത ചുവടുകള്‍; അധികാരം എന്നും പാസ്വാന്റെ കൈപ്പിടിയില്‍

Published

|

Last Updated

ജാതിരാഷ്ട്രീയം കൊടുകുത്തി വാഴുന്ന ഇന്ത്യന്‍ മണ്ണില്‍ (പ്രത്യേകിച്ച് ബിഹാറില്‍) പിഴക്കാത്ത ചുവടുകളുമായി എന്നും അധികാര രാഷ്ട്രീയം ഉറപ്പിക്കാന്‍ കഴിഞ്ഞ ഒരു ദളിത് നേതാവുണ്ടെങ്കില്‍ അയാളുടെ പേരാണ് രാംവിലാസ് പാസ്വാന്‍. രാഷ്ട്രീയ കാറ്റിന് അനുസരിച്ച് മുന്നണി മാറേണ്ടപ്പോള്‍ മാറിയും പാര്‍ട്ടി മാറേണ്ടപ്പോള്‍ അത് ചെയ്തും എന്നും വിജയ സഖ്യത്തിനൊപ്പം പാസ്വാനുണ്ടായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ തുടങ്ങി, ജനതാ പരിവാറിലൂടെ വളര്‍ന്ന് ഒടുവില്‍ സ്വന്തം പാര്‍ട്ടി രൂപവത്ക്കരിച്ച് മൂന്ന് പതിറ്റാണ്ടോളം അധികാര കസേരയില്‍ ഇരുന്നു. ഒടുവില്‍ വിരമിക്കാന്‍ കാലമായപ്പോള്‍ മക്കളേയും ബന്ധുക്കളേയും കൃത്യമായി എത്തേണ്ടിടത്ത് എത്തിക്കാനും അദ്ദേഹത്തിനായി.

അധികാര രാഷ്ട്രീയത്തില്‍ തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു അപൂര്‍വ്വ റെക്കോര്‍ഡിന് ഉടമയാണ്. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കും മത്സരിക്കാാന്‍ പ്രായം 25 ആണെങ്കില്‍ പാസ്വാന് അത് 23 ആണ്. വിദ്യാര്‍ഥിയായിരിക്കെ 1969ല്‍ ബിഹാറിലെ അലൗലി സംവരണ മണ്ഡലത്തില്‍ നിന്ന് സംയുക്ത സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ പാസ്വാന് പ്രായം 23 ആയിരുന്നു. രേഖകള്‍ പ്രകാരം പസ്വാന്റെ ജനനം രേഖപ്പെടുത്തിയിരിക്കുന്നത് 1946 ജൂലൈ അഞ്ചിനാണ്. ഇതുപ്രകാരം 1969ല്‍ മത്സരിക്കുമ്പോള്‍ 23 വയസ്സ്. ആരും ചോദ്യം ചെയ്യപ്പെടാതിരിക്കുകയും ഇതു സംബന്ധിച്ച് കേസുമായി ആരും കോടതി കയറാതിരിക്കുകയും ചെയ്തതിനാല്‍ ഈ റെക്കോര്‍ഡ് ഇന്നും തകരാതിരിക്കുന്നു. 23 വയസ്സില്‍ എങ്ങനെ അദ്ദേഹത്തിന് സ്ഥാനാര്‍ഥിയാകന്‍ കഴിഞ്ഞെന്ന ചോദ്യം മാത്രം ബാക്കി.

തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തുമ്പോഴുള്ള രാഷ്ട്രീയ കാറ്റിന് അനുസരിച്ച് മുന്നണി ബന്ധം ഉറപ്പിക്കുന്നതായിരുന്നു പാസ്വാന്റെ രീതി. ഒന്ന്, രണ്ട് തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന്റെ കണക്ക് കൂട്ടല്‍ പിഴച്ചെങ്കിലും മറ്റെല്ലാം കൃത്യമായിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന 1977ലെ തിരഞ്ഞെടുപ്പിലാണ് പാസ്വാന്‍ ദേശിയ രാഷ്ട്രീയത്തിലേക്ക് ബിഹാറില്‍ നിന്ന് ചുവട് മാറ്റുന്നത്. അടിയന്തരാവസ്ഥക്കും ഇന്ധിരാ ഗന്ധിക്കുമെതിരെ രാജ്യത്തെ രാജ്യത്തെ ജനങ്ങള്‍ വിധിയെഴുതിയ ആ തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായ പാസ്വാന്‍ ബിഹാറിലെ ഹാജിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറിയത് ഞെട്ടിക്കുന്ന ഭൂരിഭക്ഷത്തിനായിരുന്നു. 4,25,000ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷം പാസ്വാന്‍ നേടിയപ്പോള്‍ അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ഥിക്ക് 8.78 ശതമാനം വോട്ടാണ് ലഭിച്ചത്.

തുടര്‍ന്ന് 32 വര്‍ഷത്തിനിടയിലെ ദേശീയ രാഷ്ട്രീയം നോക്കിയാല്‍, കൃത്യമായി പറഞ്ഞാല്‍ 1989 മുതല്‍ അധികാരത്തിലേറിയ എട്ട് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം ഉറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആറ് പ്രധാനമന്ത്രിമാര്‍ക്ക് കീഴില്‍ അദ്ദേഹം സേവനം ചെയ്തു.
വാജ്‌പേയി മന്ത്രിസഭയുടെ അവസാനം ഗുജറാത്ത് വംശഹത്യയുടെ പേരില്‍ ബി ജെ പിയുമായി ഇടഞ്ഞ് അദ്ദേഹം മന്ത്രിസഭ വിട്ടു. തുടര്‍ന്ന് ബി ജെ പിക്കെതിരെ രൂപംകൊണ്ട യു പി എ എന്ന മഹാസഖ്യത്തില്‍ അദ്ദേഹം സീറ്റ് ഉറപ്പിച്ചു. എന്നാല്‍ 2009ല്‍ രണ്ടാം യു പി എ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോല്‍ പാസ്വാന് പിഴച്ചു. തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ യു പി എ കക്ഷിയായ ലാലു പ്രസാദിന്റെ ആര്‍ ജെ ഡിയുമായി പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി സഖ്യമുണ്ടാങ്കിയെങ്കിലും ബിഹാറിലെ ഹജിപുരില്‍ നിന്ന് തോല്‍വിയറിഞ്ഞു. ഉടന്‍ തന്നെ രാജ്യസഭയിലൂടെ വീണ്ടും ഒരു ശ്രമം നടത്തി നോക്കിയെങ്കിലും കോണ്‍ഗ്രസ് കനിഞ്ഞില്ല.

എന്നാല്‍ 2014 തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി ബി ജെ പി പ്രചാരണം തുടങ്ങിയപ്പോള്‍ കാറ്റിന്റെ ഗതി പെട്ടന്ന് തിരിച്ചറിയാന്‍ പാസ്വാന് കഴിഞ്ഞു. എന്‍ ഡി എയുടെ ഭാഗമായി ആദ്യ മോദി സര്‍ക്കാറില്‍ മന്ത്രിയായി. 2019ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മാറിനിന്നെങ്കിലും മകനേയും ബന്ധുക്കളേയും അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.