Connect with us

Covid19

ആരാധനാലയങ്ങൾക്ക് കർഫ്യൂ ഇളവ്; ജുമുഅ നിസ്‌കാരത്തില്‍ 40 പേര്‍ക്ക് പങ്കെടുക്കാം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പെടുത്തിയ നിരോധനാജ്ഞയില്‍ ആരാധനാലയങ്ങള്‍ക്ക് ചെറിയ ഇളവനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം തീരുമാനിച്ചു. ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കാന്‍ അനുമതി നല്‍കി. ജുമുഅ നിസ്‌കാരത്തിന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 40 പേരെ അനുവദിക്കും.

സാധാരണഘട്ടങ്ങളിലാണ് എല്ലാ ആരാധനാലയങ്ങളിലും പരമാവധി 20 പേരെ അനുവദിക്കുക. ഹിന്ദു ആരാധനാലയങ്ങളില്‍ വിശേഷ പൂജ, പ്രത്യേക ചടങ്ങുകള്‍ എന്നിവ നടക്കുമ്പോള്‍ അതത് ആരാധനാലയങ്ങളുടെ സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ 40 പേരെ വരെ അനുദിക്കും. ക്രിസ്ത്യന്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാനയ്ക്കും അതത് സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 40 പേരെ വരെ അനുവദിക്കും.

ശബരിമലയില്‍ തുലാമാസ പൂജാ ദിവസങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസം പരമാവധി 250 പേരെ വരെ ദര്‍ശനത്തിന് അനുവദിക്കുവാനും യോഗത്തില്‍ തീരുമാനമായി.

ജുമുഅ നിസ്കാരത്തിന് കൊവിഡ് വ്യാപന സാഹചര്യത്തിൽ ആളുകൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു.
ജുമുഅ നിസ്കാരം മതപരമായി സാധുവാകണമെങ്കിൽ നാൽപത് പേരുടെ സാന്നിധ്യം നിർബന്ധമാണെന്നതിനാൽ അതിന് അനുവാദം നൽകണമെന്ന് കാന്തപുരം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകുകയും ചെയ്തിരുന്നു.