Connect with us

Business

374.75 കോടി രൂപയുടെ ലാഭവുമായി കേരള ബാങ്ക്

Published

|

Last Updated

തിരുവനന്തപുരം | കേരള സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചതിനു ശേഷമുള്ള കേരള ബാങ്കിന്റെ ആദ്യ ബാലൻസ് ഷീറ്റ് പ്രസിദ്ധീകരിച്ചു. 2019 നവംബറിൽ രൂപീകരിച്ചത് മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കേരള ബാങ്ക് 374.75 കോടി രൂപയുടെ ലാഭം കൈവരിച്ചതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2019-20 സാമ്പത്തിക വർഷത്തിൽ ആകെ ബിസിനസ് 101194 കോടി രൂപയാണ്. ലയനസമയത്ത് സഞ്ചിത നഷ്ടം 1150.75 കോടി രൂപയായിരുന്നു. നാല് മാസത്തിനുള്ളിൽ സഞ്ചിത നഷ്ടം 776 കോടി രൂപയായി കുറച്ചു കൊണ്ടുവരാൻ ബാങ്കിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിസന്ധി മൂലം വായ്പകളിൽ തിരിച്ചടവ് കുറഞ്ഞത് ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി വർധിക്കുന്നതിന് കാരണമായി. ഇതുവരെ 1524.54 കോടി രൂപ കരുതൽ ധനമായി ബാങ്ക് സൂക്ഷിച്ചിട്ടുണ്ട്. മുൻ വർഷത്തേക്കാൾ നിക്ഷേപത്തിൽ 1525.8 കോടി രൂപയുടെയും വായ്പയിൽ 2026.40 കോടി രൂപയുടെയും വർധനവുണ്ടായി.

ഈ സാമ്പത്തിക വർഷത്തിൽ കർഷകർക്കായി പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ മുഖേന അനുവദിച്ച എസ്.എൽ.എഫ്. വായ്പ 1543.44 കോടി രൂപ നൽകി. നബാർഡ് പുനർ വായ്പാ പദ്ധതിയിലൂടെ ദീർഘകാല കാർഷിക വായ്പയും നൽകിയിട്ടുണ്ട്. സ്വയം സഹായ സംഘങ്ങൾക്കും കൂട്ടുബാധ്യതാ സംഘങ്ങൾക്കുമായി പുതിയ മൈക്രോ ഫിനാൻസ് സ്‌കീമിൽ മുഖ്യമന്ത്രിയുടെ സഹായ ഹസ്തമായി 120.27 കോടി രൂപ നൽകിയതായി മന്ത്രി അറിയിച്ചു. സ്വർണ പണയ വായ്പയായി 3676.49 കോടി രൂപയും മോർട്ടഗേജ് വായ്പയായി 425.86 കോടി രൂപയും ഭവന വായ്പയായി 195.83 കോടി രൂപയും സഹകരണ സംഘങ്ങൾക്കുള്ള വായ്പയായി 2887.35 കോടി രൂപയും ഈ സാമ്പത്തിക വർഷം നൽകിയിട്ടുണ്ട്.
17000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 1000 കോടി രൂപയുടെ പുതിയ വായ്പാ പദ്ധതി കേരള ബാങ്കിലൂടെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നബാർഡ് സഹായത്തോടെ പത്ത് മൊബൈൽ വാനുകളും 1500 മൈക്രോ എ.ടി.എമ്മുകളും ഉടൻ പ്രവർത്തന സജ്ജമാകും. റിക്കവറി നടപടികൾ ലഘൂകരിക്കുന്നതിനായി ആകർഷകമായ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബാങ്ക് ആവിഷ്‌കരിക്കുന്നുണ്ട്.

നബാർഡ് പ്രഖ്യാപിച്ച ഭക്ഷ്യ സംസ്‌കരണ വ്യവസായ വായ്പാ പദ്ധതി, കാർഷിക അനുബന്ധ വ്യവസായങ്ങൾക്കുള്ള ഫണ്ട്, പാക്സ് മുഖേനയുള്ള മൾട്ടി സർവ്വീസ് സെന്റർ എന്നീ മേഖലകളിൽ പദ്ധതി തയ്യാറാക്കി വരുന്നതായും അദ്ദേഹം വ്യക്തമാക്കി. കേരള ബാങ്ക് ചെയർപേഴ്സൺ മിനി ആന്റണി, സി.ഇ.ഒ. രാജൻ പി.എസ്., ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

---- facebook comment plugin here -----

Latest