ബാബരിയാനന്തരം കോടതികള്‍

ബാബരി കേസില്‍ സി ബി ഐ കോടതി പുറപ്പെടുവിച്ച വിധിയില്‍ ആഹ്ലാദിക്കുന്ന ഒരു കൂട്ടര്‍ ഭരണഘടനാ സംരക്ഷണ ബാധ്യതയുള്ള നീതിപീഠങ്ങളെ മേലില്‍ കാണുന്നതും സമീപിക്കുന്നതും ഏതൊരു മാനസിക നിലയിലായിരിക്കും എന്നതുണ്ടാക്കുന്ന ആഘാതം രാജ്യത്തെ ജുഡീഷ്യറിയെ വല്ലാതെ ക്ഷയിപ്പിക്കും. മറുവശത്ത് പൗരന്മാര്‍ക്ക് കോടതികളിലുള്ള വിശ്വാസം ഉടയുക കൂടി ചെയ്യുമ്പോള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ഭാവി പ്രവചനാതീതം എന്നേ പറയാനൊക്കൂ.
Posted on: October 6, 2020 4:01 am | Last updated: October 6, 2020 at 12:50 am

ഹിന്ദുത്വവാദിയായ നാഥുറാം വിനായക് ഗോഡ്‌സെയുടെ തോക്കിനിരയായി സ്വാതന്ത്ര്യലബ്ധിയുടെ പുതുമണം മാറുന്നതിന് മുമ്പേ മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടു. അതില്‍ പിന്നെ ആധുനിക ഇന്ത്യയുടെ ആരംഭത്തില്‍ തന്നെ ആര്‍ എസ് എസ് സാമൂഹികമായി പൂര്‍ണ തിരസ്‌കൃതരായി. രാഷ്ട്രപിതാവിന്റെ ഘാതകര്‍ എന്ന നിലയില്‍ അഭിശപ്തരായും സംഘടനാപരമായി (ആശയപരമായല്ല) ഒറ്റപ്പെട്ടും പോയ ആര്‍ എസ് എസിന് പ്രത്യക്ഷ രാഷ്ട്രീയ സാമൂഹിക പ്രവേശം ലഭിക്കുന്നതിന് അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍ തുണയായി. തുടര്‍ന്ന് എണ്‍പതുകളില്‍ രാമജന്മ ഭൂമി പ്രസ്ഥാനം എന്ന പേരില്‍ രാജ്യത്താകമാനം വര്‍ഗീയ വിഷം ചീറ്റിയതിനൊടുവിലാണ് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ക്കുന്നത്. ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കിന്റെ മൂര്‍ധാവിനേറ്റ മാരക ക്ഷതമായാണ് മസ്ജിദ് ധ്വംസനത്തെ രാജ്യവും ലോകവും കണ്ടത്. അതോടെ ബി ജെ പിക്ക് അധികാര രാഷ്ട്രീയത്തിലേക്കുള്ള വഴി കൃത്യമായി തെളിഞ്ഞു വന്നു. അതിനായി ഇന്ത്യയുടെ ആത്മാവിനെ നെടുകെ പിളര്‍ത്തിയ വര്‍ഗീയ വിഭജന രാഷ്ട്രീയത്തെ അരക്കിട്ടുറപ്പിക്കാന്‍ രാമക്ഷേത്ര നിര്‍മാണത്തെ ഐക്കണാക്കി നിര്‍ത്തി. അങ്ങനെയാണ് ബാബരിക്ക് മുമ്പും ശേഷവുമെന്ന പ്രയോഗം സവിശേഷ മത, രാഷ്ട്രീയ, അധികാര സൂചകമായി മാറുന്നത്.

രാമജന്മ ഭൂമിയുടെ പേരില്‍ രാജ്യത്ത് വര്‍ഗീയ വിഭജനമുണ്ടാക്കി അധികാര രാഷ്ട്രീയത്തിലേക്ക് കുറുക്കുവഴി സാധ്യമാക്കിയ ബാബരിയാനന്തര ഇന്ത്യയുടെ ഒന്നാം ഘട്ടം 1992 ഡിസംബര്‍ ആറിന് ആരംഭിക്കുകയായിരുന്നു. ബാബരി ധ്വംസനാനന്തര ഇന്ത്യാ ചരിത്രത്തിന്റെ രാഷ്ട്രീയ ചിത്രത്തിന് കൂടുതല്‍ വ്യക്തത വന്നത് 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മേധാശക്തിയുള്ള ഭൂരിപക്ഷത്തോടെ ബി ജെ പി അധികാരത്തിലേറിയതോടെയാണ്. ബാബരിയില്‍ കേന്ദ്രീകരിച്ച് രാമക്ഷേത്രം എന്ന് പരാവര്‍ത്തനം ചെയ്ത രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദു വര്‍ഗീയ വിഭജന രാഷ്ട്രീയവും അതിന്റെ ഉത്പന്നമായി കൈവന്ന വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള അധികാരാരോഹണവുമായിരുന്നു. ആ ദിശയില്‍ നടന്ന ചര്‍ച്ചകളുടെ ന്യൂക്ലിയസായി മാറിയത് ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്രവും അതിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പിയുടെ അധികാര മോഹങ്ങളുമാണ്. എല്ലാ കാലത്തും ബ്രാഹ്മണിക്കല്‍ ഹെജിമണി അധികാരത്തിന്റെ ഇടനാഴികളിലൊക്കെയും ഏറിയും കുറഞ്ഞും കാലുറപ്പിച്ചിരുന്നുവെങ്കിലും ശരിയാംവണ്ണം ഒരു പ്രതിപക്ഷം പോലുമില്ലാത്ത അധികാര പാതയിലേക്ക് നരേന്ദ്ര മോദിക്ക് കടന്നുവരാന്‍ രാമക്ഷേത്രത്തെ ഉപയോഗിച്ച ബാബരിയാനന്തര ഇന്ത്യയുടെ ഒന്നാം ഘട്ടത്തിലെ പ്രായോജകര്‍ ബി ജെ പി തന്നെ.
എന്നാല്‍, ബാബരിയാനന്തര ഇന്ത്യയുടെ രണ്ടാം ഘട്ടം തുടങ്ങുന്നത് 2019 നവംബര്‍ ഒമ്പതിനാണ്. സത്യമെന്താണെന്ന് വസ്തുനിഷ്ഠമായി സ്വയം ബോധ്യപ്പെടുകയും അത് രാജ്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്ത സുപ്രീം കോടതി ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്നും മസ്ജിദിന് അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തണമെന്നുമാണ് തീര്‍പ്പ് കല്‍പ്പിച്ചത്. വിധിയുടെ ഉള്ളടക്കം വായിച്ച ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരായി. രാജ്യത്തെ നീതിന്യായ സംവിധാനത്തെ വിമര്‍ശിച്ചും അതിന്റെ പോക്കില്‍ ആശങ്കപ്പെട്ടും രാജ്യത്തും രാജ്യാന്തര സമൂഹത്തിലും ഏറെ ചര്‍ച്ചകള്‍ നടന്നു. ബാബരിയാനന്തര ഇന്ത്യയുടെ രണ്ടാം ഘട്ടം ഇന്ത്യന്‍ ജുഡീഷ്യറിയില്‍ കേന്ദ്രീകരിച്ചത് അങ്ങനെയാണ്. നീതി ലഭ്യമാക്കി ബാബരി ധ്വംസനത്തെ പ്രതി രാജ്യത്തിനേറ്റ കളങ്കം മായ്ക്കാന്‍ നീതിപീഠത്തിന് ശ്രമിക്കാമായിരുന്നു. പക്ഷേ, നീതിപീഠം അതിന് തുനിഞ്ഞതേയില്ല. മാത്രമല്ല അനിഷേധ്യമായ തെളിവുകള്‍ അവഗണിച്ച് ആധുനിക നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധം സ്വാഭാവിക നീതിയടക്കം നിഷേധിച്ച വിധിപ്രസ്താവം നടത്തുകയും ചെയ്തു. അപ്പോഴും പള്ളി പൊളിച്ചത് ക്രിമിനല്‍ കുറ്റമാണെന്നും ആസൂത്രിതമായിരുന്നെന്നും കുറ്റാരോപിതര്‍ വിചാരണ നേരിടണമെന്നും വിധിയില്‍ അടിവരയിടുകയുണ്ടായി.

മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ എല്‍ കെ അഡ്വാനി അടക്കമുള്ളവര്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ബാബരി മസ്ജിദ് ധ്വംസന കേസില്‍ ലക്‌നോ സി ബി ഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കുന്ന വിധിയാണ് പുറപ്പെടുവിച്ചത്. അധികാരത്തിലേക്ക് പാത വെട്ടാന്‍ സംഘ്പരിവാര്‍ തുടങ്ങിയ രാമജന്മ ഭൂമി പ്രസ്ഥാനത്തിന്റെ ഇങ്ങേയറ്റത്തിപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് നീതിപീഠങ്ങളാകുന്നത് എന്തുകൊണ്ടാകും? മാറിവരുന്ന ഭരണകൂട അജന്‍ഡകളോട് വിസമ്മതം പറഞ്ഞ് നീതിപക്ഷത്ത് നിലയുറപ്പിക്കാന്‍ ശീലിക്കാതെ പോയതിന്റെ ഫലമായി ബാബരിയാനന്തര ഇന്ത്യയുടെ രണ്ടാം ഘട്ടത്തില്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ വാഹകരായ സംഘ്പരിവാരം മാത്രമല്ല കുരിശിലേറ്റപ്പെട്ടുക്കൊണ്ടിരിക്കുന്നത്. അതിലേറെ സവിശേഷമായി രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ പതനവും വിശ്വാസ തകര്‍ച്ചയുമാണ് മുന്നോട്ടുന്തി നില്‍ക്കുന്നത്. അത് ഇന്ത്യയുടെ ഭരണഘടനയെയും നീതിപീഠങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെയും ദുര്‍ബലപ്പെടുത്തുക കൂടി ചെയ്യുന്നു.
ലക്‌നോ സി ബി ഐ പ്രത്യേക കോടതി വിധി രണ്ട് വിധത്തിലാണ് ഭരണഘടനയെയും അതുവഴി രാജ്യത്തെയും കൂടുതല്‍ അപകടപ്പെടുത്തുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ 141, 142 അനുഛേദങ്ങള്‍ പ്രകാരം രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ ഉത്തരവിന് രാജ്യത്തെ മുഴുവന്‍ കീഴ്‌ക്കോടതികളിലും പ്രാബല്യമുള്ളതും അതിന് വിരുദ്ധമായ വിധിതീര്‍പ്പ് പരമോന്നത നീതിപീഠത്തോടുള്ള നിഷേധവും കോടതിയലക്ഷ്യവുമാണ്. ബാബരി മസ്ജിദ് ഭൂമിയെ സംബന്ധിച്ച കേസില്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഭരണഘടനാ ബഞ്ച് കണ്ടെത്തിയതിന് കടക വിരുദ്ധമായാണല്ലോ മസ്ജിദ് തകര്‍ത്ത കേസില്‍ കീഴ്‌ക്കോടതി വിധി നടത്തിയിരിക്കുന്നത്. പള്ളി തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്നും കുറ്റക്കാര്‍ വിചാരണ നേരിടണമെന്നും ഗൂഢാലോചനാകുറ്റം നിലനില്‍ക്കുമെന്നും വിധിച്ച സുപ്രീം കോടതിയെ തിരുത്തുകയാണ് സി ബി ഐ കോടതി. രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ വേരറുക്കുന്ന ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന നീക്കമാണത്.
സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളൊഴികെ രാജ്യത്തെ ജനാധിപത്യ സമൂഹം ഒന്നടങ്കം സി ബി ഐ കോടതി വിധിയില്‍ പ്രതിഷേധവും കടുത്ത ആശങ്കയും പങ്കുവെക്കുകയുണ്ടായി. വിധി തീര്‍ത്തും തെറ്റാണെന്ന വികാരം സമൂഹ മനസ്സില്‍ കനം തൂങ്ങി നില്‍ക്കുന്നത് തന്നെയാണതിന് കാരണം. എന്നാല്‍, ബാബരി കേസില്‍ സി ബി ഐ കോടതി പുറപ്പെടുവിച്ച വിധിയില്‍ ആഹ്ലാദിക്കുന്ന ഒരു കൂട്ടര്‍ ഭരണഘടനാ സംരക്ഷണ ബാധ്യതയുള്ള നീതിപീഠങ്ങളെ മേലില്‍ കാണുന്നതും സമീപിക്കുന്നതും ഏതൊരു മാനസിക നിലയിലായിരിക്കും എന്നതുണ്ടാക്കുന്ന ആഘാതം രാജ്യത്തെ ജുഡീഷ്യറിയെ വല്ലാതെ ക്ഷയിപ്പിക്കും. മറുവശത്ത് പരശ്ശതം പൗരന്മാര്‍ക്ക് കോടതികളിലുള്ള വിശ്വാസം ഉടയുക കൂടി ചെയ്യുമ്പോള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ഭാവി പ്രവചനാതീതം എന്നേ പറയാനൊക്കൂ. ബാബരി ധ്വംസനാനന്തര ഇന്ത്യയില്‍ മതനിരപേക്ഷതക്കാണ് കൂടുതല്‍ പോറലേറ്റതെങ്കില്‍ ബാബരി വിധിയാനന്തര ഇന്ത്യയില്‍ ഭരണഘടനയുടെ അടിക്കല്ലിളകില്ലെന്ന് ആര് കണ്ടു.

അഡ്വ. അഷ്‌റഫ് തെച്യാട്‌