Connect with us

International

ബ്ലൂവെയിലിന് സമാനമായ 'ആത്മഹത്യാ ഗെയിം' വീണ്ടും; പതിനൊന്നുകാരന്‍ ജീവനൊടുക്കി

Published

|

Last Updated

റോം | നിരവധി കുട്ടികളെ മരണത്തിന് വിട്ടുകൊടുത്ത ബ്ലൂവെയില്‍ ഗെയിമിന് സമാനമായ മറ്റൊരു ആത്മഹത്യാ ഗെയിം കൂടി ഭീതി വിതക്കുന്നു. ജോനാഥന്‍ ഗലിന്ദോ എന്ന സാങ്കല്‍പിക കഥാപാത്രം നല്‍കുന്ന ഹൊറര്‍ ചലഞ്ചുകള്‍ ഏറ്റെടുത്ത് ഗെയിം കളിച്ച 11കാരന്‍ ജീവനൊടുക്കി. ഇറ്റലിയിലാണ് സംഭവം.

നേപ്പിള്‍സിലെ വിയ മെര്‍ജലിനയില്‍ പത്തുനില കെട്ടിടത്തിന്റെ ജനല്‍ വഴി താഴേക്ക് ചാടിയാണ് കുട്ടി ജീവനൊടുക്കിയത്. ആരോഗ്യവാനായ കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയുടെ ടാബ് പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ഗെയിമിന് കുട്ടി അടിപ്പെട്ടതായി മനസ്സിലായത്. ടാബില്‍ മാതാപിതാക്കള്‍ക്കായി അവന്‍ അവസാന സന്ദേശം എഴുതിവെച്ചിരുന്നു. അത് ഇങ്ങനെയാണ്: “അച്ഛനെയും അമ്മയേയും ഞാന്‍ സ്‌നേഹിക്കുന്നു. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. എനിക്ക് അധികം സമയമില്ല. എന്നോട് ക്ഷമിക്കണം”.

ജോനാഥന്‍ ഗലിന്ദോ എന്ന സാങ്കല്‍പിക കഥാപാത്രത്തിന് അടിമപ്പെട്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ജോനാഥനെ ചേര്‍ക്കുന്നതോടെയാണ് കളി ആരംഭിക്കുന്നത്. പിന്നീട് അര്‍ധരാത്രി ഉണര്‍ന്ന് പ്രേത സിനിമകള്‍ കാണുന്നത് പോലുള്ള ടാസ്‌കുകള്‍ നല്‍കും. കളിക്കുന്നയാള്‍ സ്വയം ജീവനൊടുക്കുന്നതോടെയാണ് ഗെയിം പൂര്‍ത്തിയാകുക.

നായയുടെയും മനുഷ്യന്റെയും സമ്മിശ്ര രൂപത്തിലുള്ള കഥാപാത്രമാണ് ജോനാഥന്‍. ഇത്തരം ആത്മഹത്യ ഗെയിമുകള്‍ കളിച്ചുതുടങ്ങുന്നതോടെ പിന്നീട് രക്ഷപ്പെടാനാകാത്തവിധം കെണിയില്‍ കുടുങ്ങും. കളിയില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ചാല്‍ ഭീഷണിയുമായാണ് അണിയറപ്രവര്‍ത്തകര്‍ എത്തുക. ഇതോടെ രക്ഷയില്ലാതെ ആത്മഹത്യ ചെയ്യും വരെ കുട്ടികള്‍ കളി തുടരുന്നതാണ് അപടകത്തിലേക്ക് നയിക്കുന്നത്.

2016ല്‍ ഭീതിവിതച്ച ബ്ലൂവെയില്‍ ഗെയിമിന് ഇരയായി നൂറുക്കണക്കിന് കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. പിന്നീട് പല രാജ്യങ്ങളും ഈ ഗെയിമിന് നിരോധനം ഏര്‍പെടുത്തുകയായിരുന്നു.

---- facebook comment plugin here -----

Latest