National
ഹത്രാസിലേക്ക് പോയ ഒബ്രിയനെ പോലീസ് തള്ളിവീഴ്ത്തി; മറ്റു നേതാക്കളെ കൈയേറ്റം ചെയ്തു

ഹത്രാസ് (യു പി) | ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദര്‍ശിക്കുന്നതിനായി പോയ തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒബ്രിയനെ പോലീസ് തള്ളിവീഴ്ത്തി. ഒബ്രിയാനെ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പോലീസ് അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റു ടി സി നേതാക്കളായ കക്കോലി ഘോഷ് ദസ്തിദര്‍, പ്രതിമാ മൊണ്ഡല്‍ എന്നിവരെയും പോലീസ് കൈയേറ്റം ചെയ്തു.
കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനായി കാല്‍നടയായി പോകുന്നതിനിടെയാണ് എം പിമാരായ ഡെറിക് ഒബ്രിയന്‍, പ്രതിമാ മൊണ്ഡല്‍, കക്കോലി ഘോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘത്തെ പോലീസ് തടഞ്ഞത്. പോലീസ് നടപടിയെ അവഗണിച്ച് യാത്ര തുടരാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ബലം പ്രയോഗിക്കുകയായിരുന്നു. പ്രതിമാ മൊണ്ഡലിനെ പോലീസുകാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് തടയുമ്പോഴാണ് പോലീസുകാര്‍ ഒബ്രിയനു നേരെ ബലപ്രയോഗം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിമാ മൊണ്ഡലിനെയെങ്കിലും കടത്തിവിടണമെന്ന് ഡെറിക് ഒബ്രിയന്‍ ആവശ്യപ്പെടുന്നതും സംഭവത്തിന്റെ വീഡിയോ ദൃശ്യത്തിലുണ്ട്. പിന്നീട് പെണ്‍കുട്ടിയുടെ വീടിന് ഒരു കിലോമീറ്റര്‍ അകലെ എം പിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലേക്ക് ഇന്നലെ യാത്ര തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വഴിമധ്യേ പോലീസ് തടഞ്ഞിരുന്നു. ഇരു നേതാക്കളെയും കരുതല്‍ കസ്റ്റഡിയിലെടുക്കുകയും കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ 2012ലെ നിര്‍ഭയ കേസില്‍ ഇരക്ക് വേണ്ടി ഹാജരായ അഭിഭാഷകയെയും തടഞ്ഞു.