Connect with us

National

ഹത്രാസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു

Published

|

Last Updated

ലക്‌നോ | യു പിയിലെ ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പോകുന്നതിനിടെ യു പി പോലീസ് അറസ്റ്റു ചെയ്ത രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു. ഇരുവരും ഡല്‍ഹിയിലേക്കു മടങ്ങി.
യമുന എക്സപ്രസ് വേയില്‍ വച്ചാണ് ഇരു നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തില്‍ നിന്നിറങ്ങി നടന്നുപോകുമ്പോള്‍ പോലീസ് തടഞ്ഞത് വകവെക്കാതെ മുന്നോട്ടു പോയ ഇരു നേതാക്കള്‍ക്കുമെതിരെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. രാഹുലിനെ പോലീസ് നിലത്തേക്ക് തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്തതായും വിവരമുണ്ട്. മേഖലയില്‍ നിരോധനാജ്ഞയായതിനാലാണ് നടപടിയെന്നാണ് പോലീസ് വിശദീകരണം.

അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌ക്കരിച്ചത് രാജ്യത്താകെ പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് സംഭവം. മുന്നോട്ടു പോകാന്‍ പോലീസ് വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് രാഹുലും പ്രിയങ്കയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. യമുന എക്സ്പ്രസ് വേയില്‍ വച്ച് കോണ്‍ഗ്രസ് സംഘവും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. എനിക്ക് ഹത്രാസിലേക്കു പോയേ പറ്റൂവെന്നും എന്തടിസ്ഥാനത്തില്‍, ഏതു വകുപ്പു പ്രകാരമാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്നും രാഹുല്‍ പോലീസിനോട് ചോദിച്ചു. സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നതിനെതിരായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188 ാം വകുപ്പ് ഉപയോഗിച്ചെന്നായിരുന്നു പോലീസിന്റെ മറുപടി.