Connect with us

Idukki

കല്ലാര്‍ ഡാമില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍തെറ്റി യുവാവ് വെള്ളത്തില്‍ വീണു; രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു

Published

|

Last Updated

ഇടുക്കി | കല്ലാര്‍ ഡാമില്‍ ചൂണ്ടയിട്ടു മീന്‍ പിടിക്കുന്നതിനിടെ കാല്‍തെറ്റി വെള്ളത്തിലേക്കു വീണയാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ യുവാവ് മരിച്ചു. നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി പഴംപുരയ്ക്കല്‍ ജിബിന്‍ ആണ് മരിച്ചത്. കാല്‍ തെറ്റി വെള്ളത്തില്‍ വീണയാള്‍ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഡാമിന് സമീപത്തെ പാറയിലിരുന്ന് ചൂണ്ടയിടുന്നതിനിടെയാണ് അത്യാഹിതമുണ്ടായത്. തനിക്കൊപ്പമുണ്ടായിരുന്ന വഴീപറമ്പില്‍ ഐബിന്‍ എന്നയാള്‍ വെള്ളത്തിലേക്കു വീഴുന്നതു കണ്ട ജിബിന്‍ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഐബിനെ കരക്കു കയറ്റിയെങ്കിലും ജിബിനെ കണ്ടെത്താനായില്ല.

നെടുങ്കണ്ടം ഫയര്‍ ഫോഴ്സ് എത്തി ഒരു മണിക്കൂറിലധികം സമയം നടത്തിയ തിരച്ചിലിനൊടുവിലാണ് ജിബിന്റെ മൃതദേഹം കണ്ടെടുത്തത്. ചൂണ്ട നൂല്‍ ദേഹത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ജിബിന്‍ വീണ ഭാഗത്ത് ഏകദേശം 30 അടി താഴ്ചയില്‍ വെള്ളമുണ്ടായിരുന്നു. ഡാമിന്റെ ഷട്ടര്‍ തുറന്ന് ജലനിരപ്പ് താഴ്ത്തിയാണ് തിരച്ചില്‍ നടത്തിയത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

---- facebook comment plugin here -----

Latest