Connect with us

Kerala

നൂറ് ദിവസത്തിനകം 50,000 തൊഴിലവസരങ്ങള്‍; സംയോജിത പദ്ധതി രൂപവത്ക്കരിക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് നൂറ് ദിവസത്തിനകം 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മൂലമുണ്ടായ തൊഴില്‍ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണിത്.
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതിയാണ് രൂപവത്ക്കരിക്കുക.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ മറ്റ് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ പാടില്ലെന്ന നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

50,000 തൊഴിലവസരം എന്നതില്‍ നിന്ന് 95,000 തൊഴിലവസരം വരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. എല്ലാ രണ്ടാഴ്ചയിലും തൊഴില്‍ ലഭിച്ചവരുടെ മേല്‍വിലാസം പരസ്യപ്പെടുത്തും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ 18,600, ഹയര്‍ സെക്കന്‍ഡറിയില്‍ 425 തസ്തികകള്‍ സൃഷ്ടിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ 6,911 തസ്തിക നിയമനം റെഗുലറൈസ് ചെയ്യും. സ്‌കൂള്‍ തുറക്കാത്തതു കൊണ്ട് ജോലിക്ക് ചേരാത്ത 1,632 പേരുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ 10,968 പേര്‍ക്ക് ജോലി നല്‍കും.

മെഡിക്കല്‍ കോളജില്‍ 700, ആരോഗ്യവകുപ്പില്‍ 500 തസ്തിക സൃഷ്ടിക്കും. പട്ടികവര്‍ഗക്കാരില്‍ 500 പേരെ ഫോറസ്റ്റില്‍ ബീറ്റ് ഓഫീസര്‍മാരായി നിയമിക്കും. കൊവിഡ് ഫസ്റ്റ്‌ലൈന്‍ സെന്ററുകളില്‍ 1000 ജീവനക്കാര്‍ക്ക് താത്ക്കാലിക നിയമനം നല്‍കും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫോറസ്റ്റില്‍ ബീറ്റ് ഓഫീസര്‍മാരായി 500 പേരെ നിയമിക്കും. ആരോഗ്യവിദ്യാഭ്യാസ വകുപ്പുകള്‍ക്ക് പുറത്ത് മറ്റ് വകുപ്പുകളില്‍ 1,717 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. സര്‍ക്കാര്‍ സര്‍വീസിലും പി എസ് സിക്ക് വിട്ട പൊതുമേഖലാ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലും പി എസ് സി വഴി നിയമനം ലഭിക്കും. എല്ലാ ഒഴിവും അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണം. പി എസ് സി വഴി 100 ദിവസത്തിനുള്ളില്‍ 5000 പേര്‍ക്ക് നിയമനം ലക്ഷ്യമിടുന്നുണ്ട്. നിലവിലെ സര്‍ക്കാറിന്റെ കാലത്ത് പുതുതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണത്തിലും പി എസ് സി നിയമനത്തിലും സര്‍വകാല റെക്കോഡ് നേടിയതായും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം താത്ക്കാലിക നിയമനം നടത്തും. കെ എസ് എഫ് ഇയില്‍ കൂടുതല്‍ നിയമനം. സെപ്തംബര്‍-നവംബര്‍ കാലത്ത് ആയിരം പേര്‍ക്ക് നിയമനം നല്‍കും. അടുത്ത നൂറ് ദിവസത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 3,977 പേര്‍ക്ക് നിയമനം ലഭിക്കുകയോ തസ്തിക സൃഷ്ടിക്കുകയോ ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 23,700 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. വ്യവസായ വകുപ്പിന് കീഴില്‍ 700 സംരംഭങ്ങള്‍ക്ക് നിക്ഷേപ സബ്‌സിഡി അനുവദിച്ചു. ഇവയും യുദ്ധകാലാടിസ്ഥാനത്തില്‍ പരിശോധന പൂര്‍ത്തിയാക്കും. 4,600 പേര്‍ക്ക് ജോലി ലഭിക്കും.

കേന്ദ്ര ഉത്തേജക പാക്കേജിന്റെ ഭാഗമായി ഒരു ലക്ഷത്തിലേറെ അക്കൗണ്ടുകളില്‍ 4,500 കോടി അധിക വായ്പ നല്‍കി. വ്യവസായ ഉത്തേജക പരിപാടിയില്‍ 5000 കോടി വായ്പയും സബ്‌സിഡിയുമായി സംരംഭകര്‍ക്ക് ലഭിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്‍241 പേരെ നിയമിക്കും. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം, കേരള സ്റ്റേറ്റ് ബാംബു കോര്‍പ്പറേഷന്‍, ടെക്സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍, ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലായി 766 നിയമനങ്ങള്‍ നടക്കും. കാംപെക്‌സിലും കശുവണ്ടി കോര്‍പ്പറേഷനിലും 3000 പേരെ നൂറ് ദിവസത്തിനുള്ളില്‍ ജോലിക്കെടുക്കും. 100 യന്ത്രവത്കൃത ഫാക്ടറികള്‍ കയര്‍ വകുപ്പിന് കീഴില്‍ തുറക്കും. ഭക്ഷ്യക്കിറ്റ് വിതരണത്തിനായി 2000 പേരെ സിവില്‍ സപ്ലൈസില്‍ നിയമിക്കും.

ഇന്‍ഫോപാര്‍ക്കിലും അനുബന്ധ കെട്ടിടത്തിനും 500 പേര്‍ക്ക് തൊഴില്‍ നല്‍കും. സഹകരണ മേഖലയില്‍ 17,500 തൊഴിലവസരം സൃഷ്ടിക്കുക ലക്ഷ്യമിടുന്നു.
100 നാളികേര സംസ്‌കരണ യൂനിറ്റുകളിലായി ആയിരം പേര്‍ക്ക് തൊഴില്‍ നല്‍കും. പലയിനങ്ങളിലായി സഹകരണ സംഘങ്ങള്‍ മറ്റ് സംരംഭങ്ങള്‍ക്ക് രൂപം നല്‍കും. അപെക്‌സ് സംഘങ്ങളായ കണ്‍സ്യൂമര്‍ഫെഡ് ആയിരം പേര്‍ക്ക് ജോലി നല്‍കും. മൂന്ന് മാസം കൊണ്ട് 500 ജനകീയ ഹോട്ടല്‍ തുറക്കും. കയര്‍ ക്രാഫ്റ്റ് ഭക്ഷ്യ ശൃംഖല കുടുംബശ്രീ വഴി തുറക്കും. പിന്നാക്ക വികസന കോര്‍പ്പറേഷന്‍ 650 കോടിക്കുള്ള ഗ്യാരണ്ടി സര്‍ക്കാര്‍ നല്‍കി. 3,060 തൊഴിലവസരം സൃഷ്ടിക്കും. വനിതാ വികസന കോര്‍പ്പറേഷന് 740 കോടിക്ക് ഗ്യാരണ്ടി നല്‍കി.

വിദേശത്ത് ജോലിക്ക് 90 നഴ്‌സുമാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. കെ എഫ് സി 500 സംരഭങ്ങള്‍ക്ക് വായ്പ നല്‍കുന്നുണ്ട്. 2500 പേര്‍ക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പട്ടികജാതി വികസന കോര്‍പ്പറേഷന്‍ സംരംഭകത്വ വികസന പദ്ധതി വഴി 1,398 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. ഗ്രാമീണ തൊഴിലില്ലായ്മ കുറക്കാന്‍ തൊഴിലുറപ്പ് ദിനം 200 ആക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് പുതിയ തൊഴിലവസരം സൃഷ്ടിക്കും. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇതുസംബന്ധിച്ച വിശദമായ കണക്കുകളും തൊഴില്‍ ലഭിച്ചവരുടെ മേല്‍വിലാസവും പരസ്യപ്പെടുത്തും. ഇതിന് പ്രത്യേകമായി പോര്‍ട്ടല്‍ ആരംഭിക്കും.

1000 ആളുകള്‍ക്ക് അഞ്ച് എന്ന തോതില്‍ ഓരോ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിപാടി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡ് ഇതിന് പ്രതിബന്ധം സൃഷ്ടിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.