Connect with us

Science

ചന്ദ്രനിലെ വികിരണതോത് ഉയർന്നനിലയിൽ; മനുഷ്യരെ അയക്കുന്നത് വെല്ലുവിളിയാകും

Published

|

Last Updated

വാഷിംഗ്ടണ്‍ | ചന്ദ്രനിലെ വികിരണ തോത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തേക്കാള്‍ രണ്ടിരട്ടിയിലേറെയെന്ന് പുതിയ പഠനം. ചന്ദ്രോപരിതലത്തില്‍ മനുഷ്യര്‍ ഇറങ്ങുന്നതില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ഈ കണ്ടെത്തല്‍. നാസ 2024ഓടെ ചന്ദ്രനില്‍ വീണ്ടും മനുഷ്യരെ ഇറക്കാന്‍ തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കിയ അവസരത്തിലാണ് ചൈനീസ്- ജര്‍മന്‍ ശാസ്ത്രസംഘത്തിന്റെ ഈ കണ്ടെത്തല്‍.

ചൈനയിലെ ചാംഗ് ഇ 4 ലാന്‍ഡര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയുടെ ഫലത്തിലാണ് ഈ കണ്ടെത്തലുള്ളത്. പഠനം സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1960കളിലും 70കളിലും അപ്പോളോ ദൗത്യങ്ങളിലൂടെ ചന്ദ്രോപരിതലത്തില്‍ മനുഷ്യര്‍ക്ക് ഏതാനും ദിവസം കഴിയുന്നതിന് സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിരുന്നെങ്കിലും പ്രതിദിന വികിരണ തോത് നാസ ഇതുവരെ എടുത്തിരുന്നില്ല.

ഈ പോരായ്മയാണ് ഇപ്പോള്‍ പരിഹരിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തേതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടിയാണ് ചന്ദ്രനിലെ വികിരണതോതെന്ന് കീല്‍ യൂനിവേഴ്‌സിറ്റിയിലെ ആസ്‌ട്രോഫിസിസ്റ്റും പഠനത്തിന്റെ സഹരചയിതാവുമായ റോബര്‍ട്ട് വിമ്മര്‍ ഷ്വീന്‍ഗ്രൂബര്‍ പറഞ്ഞു. വികിരണം കാരണം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നവര്‍ക്ക് തിമിരം, അര്‍ബുദം, നാഡീവ്യൂഹ തകരാര്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും.

Latest