കോഴിക്കോട് ജില്ലയില്‍ 100 പേര്‍ക്ക് ജുമുഅയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി

Posted on: September 24, 2020 11:01 pm | Last updated: September 24, 2020 at 11:01 pm

കോഴിക്കോട് | ആരാധനാലയങ്ങളില്‍ പ്രാര്‍ഥനക്കായി ഒരുമിച്ചു കൂടാനുള്ള ആളുകളുടെ എണ്ണം 100 ആക്കി ഉയര്‍ത്തി ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ പുറപ്പെടുവിച്ച മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയാണ് ജില്ലാ കലക്ടറുടെ നടപടി. മാസ്‌ക്, സാനിറ്റൈസേഷന്‍, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള എല്ലാ കൊവിഡ് ചട്ടങ്ങളും പാലിക്കണമെന്നും കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.

ആരാധനാലയങ്ങളില്‍ എത്തുന്ന എല്ലാവരുടെയും പേരുകള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. പ്രവേശന കവാടത്തില്‍ സ്‌ക്രീനിംഗിനും സാനിറ്റൈസേഷനുമുള്ള സംവിധാനമേര്‍പ്പെടുത്തണം. രോഗ ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ അകത്തേക്ക് കടത്തിവിടാന്‍ പാടുള്ളൂ. സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടി പ്രത്യേക അടയാളങ്ങളിടണം. ആളുകള്‍ ഇരിക്കുന്നത് സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം. വിശുദ്ധ ഗ്രന്ഥങ്ങളില്‍ തൊടാന്‍ പാടില്ല. കൈകൊടുക്കുന്നതുള്‍പ്പെടെയുള്ള അഭിവാദനങ്ങള്‍ ഒഴിവാക്കണം.

പള്ളിയില്‍ നിസ്‌കാരത്തിനായി ഓരോരുത്തരും പ്രത്യേക മുസ്വല്ല കൊണ്ടുവരണം. അത് തിരിച്ചുകൊണ്ടുപോകുകയും വേണം. ഒരു പ്രാര്‍ഥനക്ക് ഒറ്റത്തവണ മാത്രമേ 100 പേര്‍ക്ക് അനുവാദം നല്‍കുകയുള്ളൂ. കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാന്‍ പാടില്ല. ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ആര്‍ ആര്‍ ടികളും ഉത്തരവാദപ്പെട്ട താലൂക്ക് തല ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള ആരാധനാലയങ്ങളില്‍ ഈ ഉത്തരവുകള്‍ ബാധകമാകില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.