ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അട്ടിമറിക്കാൻ സഭാ മേലധ്യക്ഷന്മാരുടെ ശ്രമം

Posted on: September 21, 2020 11:57 pm | Last updated: September 21, 2020 at 11:58 pm

ആലപ്പുഴ | മന്ത്രി കെ ടി ജലീലിനെതിരായ ആരോപണം മറയാക്കി സംസ്ഥാന സർക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അട്ടിമറിക്കാൻ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ ശ്രമം. ന്യൂനപക്ഷ ക്ഷേമവകുപ്പ്, ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ തുടങ്ങിയവ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവുമായി സഭാ നേതൃത്വം കേന്ദ്ര, സംസ്ഥാന സർക്കാറുകളെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. ന്യൂനപക്ഷ സമുദായങ്ങൾക്കാകെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ മുസ്‌ലിംകൾക്ക് മാത്രമായി നൽകുന്നുവെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ള സഭാ നേതൃത്വത്തിന് സംഘ് പരിവാർ സംഘടനകളും പിന്തുണ നൽകുകയാണ്. യു ഡി എഫിലെ തന്നെ ചില പാർട്ടികളും ഈ ആരോപണം ഏറ്റുപിടിക്കുന്നുണ്ട്.

മന്ത്രി ജലീലിനെതിരായ പ്രതിപക്ഷ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇത് പറ്റിയ അവസരമാണെന്നാണ് സഭാ നേതൃത്വം കരുതുന്നത്. ന്യൂനപക്ഷ ക്ഷേമവകുപ്പും ധനകാര്യ കോർപറേഷനും ക്രൈസ്തവരുടെ ന്യായമായ അവകാശങ്ങളെ ആസൂത്രിതമായി തമസ്‌കരിക്കുകയാണെന്നതാണ് സഭാ നേതൃത്വത്തിന്റെ പ്രധാന ആരോപണം. സീറോമലബാർ സഭ അൽമായ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ പങ്കെടുത്ത വെബ്‌കോൺഫറൻസിലാണ് ആരോപണം ഉയർന്നത്.
മത ന്യൂനപക്ഷങ്ങൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ കേരളത്തിൽ മുസ്‌ലിം സമുദായത്തിന് മാത്രമായി നൽകുകയാണെന്ന വ്യാജ ആരോപണമാണ് ക്രൈസ്തവ സഭാധ്യക്ഷന്മാർ ഉന്നയിക്കുന്നത്.
ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കണമെന്നും യാതൊരു പഠനവുമില്ലാതെയുള്ള സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം പിൻവലിക്കണമെന്നും അൽമായ സംഘം ആവശ്യപ്പെടുന്നു.

ന്യൂനപക്ഷ കമ്മീഷന്റെ ഘടനയിൽ മാറ്റം വരുത്തി രാഷ്ട്രീയേതരമായി പുനഃസംഘടിപ്പിക്കണമെന്നും സഭാ നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തെ ദളിത് വിഭാഗങ്ങളുടേതിനേക്കാൾ ദുരിതപൂർണമായ അവസ്ഥയാണ് മുസ്‌ലിംകളുടേതെന്ന് സച്ചാർ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രൂപവത്കരിക്കപ്പെട്ട പാലോളി കമ്മിറ്റി ജില്ലകൾ തോറും സിറ്റിംഗ് നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ എൽ ഡി എഫ് സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾക്കെതിരെയാണ് ക്രൈസ്തവ സഭകൾ ആരോപണവുമായി രംഗത്തെത്തിയത്.

ക്രൈസ്തവ സമുദായത്തിൽ സംവരണാനുകൂല്യങ്ങൾക്ക് അർഹരായിട്ടുള്ളത് ലത്തീൻ, നാടാർ വിഭാഗങ്ങളുൾപ്പെടെയുള്ള പത്ത് ശതമാനത്തോളം വരുന്നവർക്കാണെന്ന വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ഇപ്പോൾ സഭാ നേതൃത്വം ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നത്.

ന്യൂനപക്ഷ സമുദായങ്ങളിലെ സംവരണ വിഭാഗത്തിൽപ്പെട്ടവർക്കായി നടപ്പാക്കുന്ന പദ്ധതിയുടെ ഘടനയും അനുപാതവുമെല്ലാം പാലോളി കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിശ്ചയിച്ചതാണെന്നിരിക്കെ, ഇതിൽ കക്ഷികളല്ലാത്ത മുന്നാക്ക വിഭാഗത്തിൽപ്പെട്ട സഭാ നേതൃത്വം ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത് ലത്തീൻ, നാടാർ തുടങ്ങിയ ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.

എന്നാൽ, ഇവർ പരസ്യമായി പ്രതികരിക്കാൻ തയ്യാറല്ല. പാലോളി കമ്മിറ്റിക്കെതിരെയും സഭാ നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. ന്യൂനപക്ഷ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രചാരണങ്ങളിൽ നിലവിലില്ലാത്ത പദ്ധതികൾ പോലുമുണ്ടെന്നതാണ് രസകരമായ വസ്തുത.