ഒരു മതിൽ ഒരുപാട് കഥകൾ

കാഴ്ച
Posted on: September 21, 2020 5:05 pm | Last updated: September 21, 2020 at 5:15 pm

മതിൽ എന്നതിന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്. വേർതിരിവിന്റെ മാത്രം കഥ പറയുന്ന ബെർലിൻ മതിൽ, അഭയാർഥികളെ ആട്ടിപ്പായിക്കാൻ അമേരിക്ക പണിയുന്ന മെക്‌സിക്കൻ മതിൽ, തുല്യതക്ക് വേണ്ടി തീർത്ത വനിത മതിൽ, ചൈനയിലെ വൻമതിൽ. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി സമാധാനത്തിന്റെ മഹനീയ സന്ദേശം വിളിച്ചോതുന്ന ഒരു മതിൽ ഇന്ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിലുണ്ട്.

ചെർപ്പുളശ്ശേരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ മതിലിൽ 14 പാനലുകളിലായി 700 അടി നീളത്തിലും 10 അടി വിതിയിലുമാണ് “സമാധാന മതിൽ’ നിർമിച്ചിരിക്കുന്നത്. ലോക സമാധാനം, ദേശചരിത്രം, സംസ്‌കാരം എന്നിവ വിഷയമാക്കിയ വലിയ ചുമരിൽ തീർത്ത ചിത്രമാണിത്.

സ്പേസ് പദ്ധതി പ്രകാരം ബനാറസ് ഹിന്ദു സർവകലാശാല ചിത്രകലാ പ്രൊഫസറും ലളിതകലാ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത മ്യൂറൽ ആർട്ടിസ്റ്റുമായ സുരേഷ് കെ നായരുടെയും അദ്ദേഹത്തിന്റെ 14 ശിഷ്യൻമാരുടെയും പതിനഞ്ചോളം തൊഴിലാളികളുടെയും പ്രയത്‌നത്തിന്റെ ഭാഗമായാണ് മതിൽ പിറവിയെടുത്തത്. പന്ത്രണ്ട് ലക്ഷം രൂപ ചെലവിൽ പത്ത് മണിക്കൂർ വീതം പന്ത്രണ്ട് ദിവസങ്ങൾ കൊണ്ടാണ് സമാധാന മതിലിന്റെ പണി പൂർത്തിയാക്കിയത്.
ജെർമൻ, ചൈനീസ്, ഗ്രീക്ക്, ഈജിപ്ഷ്യൻ തുടങ്ങി ഇരുനൂറ്റി അമ്പത് ഭാഷകളിലായി ശാന്തി, സമാധാനം എന്നിവ പ്രതിനിധാനം ചെയ്യുന്ന വ്യത്യസ്ത രൂപങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. കൂടാതെ മരങ്ങളുടെയും സുര്യന്റെയും ചന്ദ്രന്റെയും ഒരുപാട് ചരിത്ര സംഭവങ്ങളുടെ ചിത്രങ്ങളും സമാധാനത്തിന്റെ അടയാളമായ പ്രാവിന്റെ ചിത്രവും ജലത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തും വിധം പുഴയും ഒരു നാടിന്റെ സംസ്‌കാരവും “ലോകാ സമസ്താ സുഖിനോ ഭവന്തു ‘ എന്ന വാക്യവും ഇതിന്റെ പ്രശസ്തിക്കും മനോഹരിതക്കും മാറ്റ് കൂട്ടുന്നു. വള്ളുവനാട്ടിലെ ഉത്സവങ്ങളിൽ പ്രധാനപ്പെട്ട കാളവേലയും ആനപ്പൂരവും തെയ്യം, തിറ, പൂതൻ തുടങ്ങിയ കലാരൂപങ്ങളും സെവൻസ് ഫുട്‌ബോളിന് ഒരുപാട് പ്രതിഭകളെ സമ്മാനിച്ച ചെർപ്പുളശ്ശേരിയുടെ കാൽപന്തിന്റെ പെരുമയും ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നവീന മുഖം നൽകിയ സുഭാഷ് ചന്ദ്ര ബോസും മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ പി ടി ഭാസ്‌കരപ്പണിക്കരും പി എസ് കുട്ടികൃഷ്ണൻ നായരും സ്‌കൂൾ ഗ്രൗണ്ടിൽ ആൽമരങ്ങൾ നട്ടുവളർത്തി പരിപാലിച്ച കണ്ണാട്ടിൽ രാമൻ എഴുത്തച്ഛനും ഗാന്ധിജി നേതൃത്വം നൽകിയ ആൽത്തറ യോഗവും സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഭാഗങ്ങളും മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെ തന്റെ അമ്മയുടെ മുമ്പിൽ നിന്ന് ബ്രിട്ടീഷ് പട്ടാളം പിടിച്ച് വലിച്ചുകൊണ്ട് പോകുന്നതും ജയിലിലടക്കപ്പെട്ടതിന്റെ മുഖചിത്രവും ഒരു ചരിത്രശേഷിപ്പായി മതിലിൽ സ്ഫുരിക്കുന്നു.

ഇരുപത്തിയൊമ്പത് ആൽമരങ്ങൾക്ക് ചുവടെ നിലകൊള്ളുന്ന മതിലിന് എല്ലാവരും ഒരുമയുടെ ദീപം എന്ന സമാധാനത്തിന്റെ സന്ദേശം ലോക ജനതക്ക് നൽകാൻ സാധിക്കുന്നു. ലോകപ്രശസ്ത ശബ്ദ കലാകാരൻ മിഖായേൽ നോർത്തേണയെപ്പോലുള്ള നിരവധി വിദേശികളും സ്വദേശികളും മതിലിന്റെ കൗതുകങ്ങളെപ്പറ്റി അറിയാൻ ചെർപ്പുളശ്ശേരിയിലെത്തുകയുണ്ടായി. വള്ളുവനാടിന്റെ ചരിത്രവും സംസ്‌കാരവും സമാധാനത്തിന്റെ സന്ദേശവും സുരേഷ് കെ നായരും സംഘവും മതിലിൽ കൊത്തിവെച്ചിട്ടുള്ളത്. ഇതിനു വേണ്ടി ചെർപ്പുളശ്ശേരി ഹൈസ്‌കൂളിന്റെയും നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയുമെല്ലാം പൂർണ പിന്തുണ ലഭിച്ചു എന്നും അദ്ദേഹം പറയുന്നു. ചെർപ്പുളശ്ശേരിയുടെ ചരിത്രത്തിലെ നാഴികക്കല്ലായ മതിലിന് യുറേഷ്യ വേൾഡ് റെക്കോർഡും ലഭിച്ചിട്ടുണ്ട്.

ALSO READ  വിശപ്പെന്ന പാഠപുസ്തകം

വി ടി മുഹമ്മദ് ശിബിൻ
[email protected]