പശു മാംസം വിറ്റെന്ന് ആരോപിച്ച് മര്‍ധനം: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

Posted on: September 18, 2020 8:23 am | Last updated: September 18, 2020 at 8:48 pm

ഗുവാഹത്തി | പശു മാംസം വിറ്റെന്നാരോപിച്ച് അസമിലെ മധുപുരയില്‍ ഹിന്ദുത്വ തീവ്രവാദികള്‍ ക്രൂരമര്‍ധനത്തിന് ഇരയാക്കിയ ഷൗക്കത്ത് അലിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. ദേശീയ മനുഷ്യാവകാശ കമ്മീഷ (എന്‍ എച്ച് ആര്‍സി) നാണ് സംസ്ഥാന സര്‍ക്കാറിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഒക്ടോബര്‍ 24നം നഷ്ടപരിഹാരം നല്‍കണമെന്നാണ് നിര്‍ദേശം.

2019 ഏപ്രില്‍ ഏഴിന് ബിശ്വനാഥ് ചാരിയാലിയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍വെച്ചാണ് ഷൗക്കത്ത് അലി ആക്രമിക്കപ്പെട്ടത്. തന്നെ അക്രമികള്‍ മര്‍ദിക്കുമ്പോള്‍ പോലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നെന്ന് ഷൗക്കത്തലി വ്യക്തമാക്കിയിരുന്നു. പോലീസിന്റെ നടപടി ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് നേതാവ് ദെബബ്രത സൈകിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.
സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് നാല് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡി ജി പിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.