മന്ത്രി ജലീലിന് എന്‍ ഐ എ നല്‍കിയത് സാക്ഷി മൊഴിക്കുള്ള നോട്ടീസ്

Posted on: September 17, 2020 10:21 pm | Last updated: September 18, 2020 at 10:05 am

കൊച്ചി | മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എ വിളിപ്പിച്ചത് സാക്ഷി മൊഴിയെടുക്കാന്‍. ഇത് സംബന്ധിച്ച് എന്‍ ഐ എ മന്ത്രിക്ക് നല്‍കിയ സാക്ഷിമൊഴിക്കായുള്ള നോട്ടീസ് പുറത്തുവന്നു. സി ആര്‍ പി സി സെക്ഷന്‍ 160 പ്രകാരമാണ് മന്ത്രിക്ക് എന്‍ ഐ എ നോട്ടീസ് അയച്ചത്. ഈ വകുപ്പ് സാക്ഷി മൊഴി രേഖപ്പെടുത്താന്‍ വിളിച്ച് വരുത്താനുള്ള വകുപ്പാണ്. കഴിഞ്ഞ 12നാണ് ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് എന്ന പേരില്‍ തന്നെ എന്‍ ഐ എ നോട്ടീസ് നല്‍കിയത്. തനിക്ക് ലഭിച്ചത് സാക്ഷി മൊഴി രേഖപ്പെടുത്താനുള്ള നോട്ടീസാണെന്ന് ജലീല്‍ വ്യക്തമാക്കിയിരുന്നു. ഇത് സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തുവന്നത്.

സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ഏത് നിലക്കാണ് പരിജയമെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് എന്‍ ഐ എ ചോദിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് തനിക്ക് അറിയാവുന്ന മുഴുവന്‍ കാര്യങ്ങളും മന്ത്രി വ്യക്താക്കിയതായാണ് വിവരം.

കേസിലെ പ്രതികളുടെ മൊഴിയിലെ കാര്യങ്ങള്‍ ധരിപ്പിച്ച് സംശയനിവാരണം വരുത്തുകയായിരുന്നു എന്‍ ഐ എ ചെയ്തതെന്ന് ജലീല്‍ ചോദ്യം ചെയ്യലിന് ശേഷം ഒരു മാധ്യമത്തോട് പ്രതികരിച്ചു. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തെ സഹായിക്കാനുതകുന്ന വിവരങ്ങളാണ് തേടിയത്. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം എവിടേക്കു പോകുന്നു എന്നതടക്കമുള്ള എന്റെ നിഗമനങ്ങള്‍ ആരാഞ്ഞെന്നും അദ്ദേഹം പറഞ്ഞു.