ജലീലിന്റെ രാജിക്കായി തെരുവിലിറങ്ങി പ്രതിപക്ഷ സംഘടനകള്‍; പലയിടത്തും ലാത്തിച്ചാര്‍ജും ജല പീരങ്കി പ്രയോഗവും

Posted on: September 17, 2020 12:50 pm | Last updated: September 17, 2020 at 4:45 pm

തിരുവനന്തപുരം | എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിച്ചത് മറ്റൊരു ആയുധമാക്കി മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. പല ജില്ലകളിലും പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസിന്് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച സംഘടനകളാണ് പ്രതിഷേധത്തിന് മുന്‍നിരയിലുള്ളത്. ഇതിന് പുറമെ കോട്ടയത്തും കോഴിക്കോടും പാലക്കാടും പോലീസ് ലാത്തി വീശുകയും ചെയ്തു. പാലക്കാട് നടന്ന പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു

സെക്രട്ടറിയേറ്റിലേക്ക് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടന്നു.കൊല്ലത്തും കോട്ടയത്തും കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
മന്ത്രിയെ ചോദ്യം ചെയ്യുന്ന എന്‍.ഐ.എ. ഓഫീലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധം കണക്കിലെടുത്തു എന്‍ഐഎ ഓഫീസിലേക്കുള്ള എല്ലാ റോഡുകളും പോലീസ് അടച്ചു.

കോട്ടയം എസ്പി ഓഫീലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇത് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകരില്‍ ചിലരെ പോലീസ് ലാത്തികൊണ്ട് നേരിട്ടു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടരുകയാണ്.