Connect with us

Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം പിടിക്കുന്നത് തുടരും, ഓര്‍ഡിനന്‍സ് ഇറക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം പിടിക്കുന്നത് തുടരാന്‍ തീരുമാനം. അടുത്ത ആറ് മാസം കൊണ്ട് 36 ദിവസത്തെ വേതനം പിടിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തി.

പിടിക്കുന്ന വേതനം 2021 ഏപ്രില്‍ ഒന്നിന് പി എഫില്‍ ലയിപ്പിക്കും. ഈ തുക 2021 ജൂണ്‍ ഒന്നിനു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. പി എഫില്‍ ലയിപ്പിക്കുന്നതു വരെ ഒമ്പതു ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പി എഫില്‍ ലയിപ്പിച്ച ശേഷം പി എഫ് നിരക്കില്‍ പലിശ നല്‍കും. വേതനം മാറ്റിവക്കുന്നത് സെപ്തംബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കു കൂടി തുടരും. ഇങ്ങനെ മാറ്റിവക്കുന്ന വേതനത്തിന് “കൊവിഡ്-19 ഇന്‍കം സപ്പോര്‍ട്ട് സ്‌കീം” എന്ന് പേര് നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുള്ളത്. അന്തിമ തീരുമാനം സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും.

കൊവിഡുമായി ബന്ധപ്പെട്ട് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കാനും വരുമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.