പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ക്കിടെ നിര്‍ണായക സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്

Posted on: September 16, 2020 7:01 am | Last updated: September 16, 2020 at 9:33 am

 തിരുവനന്തപുരം |  മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന് നടക്കും. ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക. നിരവധി നിര്‍ണായക വിഷയങ്ങള്‍ യോഗത്തിന്റെ പരിഗണനക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്യും.

തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഒരുക്കങ്ങള്‍, തിരഞ്ഞെടുപ്പ് സമയം ആറ് മണിവരെ നീട്ടുന്നതിനെക്കുറിച്ച്, കൊവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യും.

സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ബാറുകള്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് ശിപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ഇത് മന്ത്രിസഭ ചര്‍ച്ച ചെയ്യും. കടുത്ത നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്രതിപക്ഷം സര്‍ക്കാറിനെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുന്നതിന് വേമ്ട കാര്യങ്ങളും ആവിഷ്‌ക്കരിക്കും. മന്ത്രി ജലീലിന് പൂര്‍ണ പിന്തുണ മന്ത്രിസഭ നല്‍കിയേക്കും.