നികുതി ഭാരം; ഇന്ത്യയില്‍ ഇനി പ്രവര്‍ത്തനം വ്യാപിപ്പിക്കില്ലെന്ന് ടൊയോട്ട

Posted on: September 15, 2020 4:30 pm | Last updated: September 15, 2020 at 4:33 pm

ന്യൂഡല്‍ഹി | നികുതി ഭാരം കാരണം രാജ്യത്ത് ഇനി പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടെന്ന തീരുമാനവുമായി ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആഗോള കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയാണിത്.

കാറുകള്‍ക്കും ബൈക്കുകള്‍ക്കും ഉയര്‍ന്ന നികുതിയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അതിനാല്‍ ലക്ഷ്യത്തിനനുസരിച്ച് ഉത്പാദനം നടത്താന്‍ സാധിക്കുന്നില്ലെന്നും ടൊയോട്ട പ്രാദേശിക യൂനിറ്റ് വൈസ് ചെയര്‍മാന്‍ ശേഖര്‍ വിശ്വനാഥന്‍ പറഞ്ഞു. ഉയര്‍ന്ന നികുതി കാരണം ഉപഭോക്താക്കള്‍ക്ക് കാര്‍ വാങ്ങാനാകുന്നില്ല. ഇതുകാരണം ഫാക്ടറികള്‍ വിജനമാകുകയും തൊഴില്‍ സൃഷ്ടിക്കാന്‍ സാധിക്കാതിരിക്കുകയും ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, രാജ്യത്തെ പ്രവര്‍ത്തനം പൂര്‍ണമായും ഒഴിവാക്കില്ലെന്നും വ്യാപനമാണ് നിര്‍ത്തിവെച്ചതെന്നും അദ്ദേഹം അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളിലൊന്നായ ടൊയോട്ട 1997ലാണ് രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രാദേശിക യൂനിറ്റിന്റെ 89 ശതമാനം ഓഹരിയും ജപ്പാന്‍ കമ്പനിക്കാണ്.

ALSO READ  ജെറ്റ് എയര്‍വേയ്‌സിന്റെ പാപ്പരത്ത നടപടി പൂര്‍ത്തിയാക്കല്‍ വീണ്ടും നീട്ടി