പരീക്ഷകൾ വൈകുന്നു; എം ജി നിയമ വിദ്യാർഥികൾ ആശങ്കയിൽ

Posted on: September 14, 2020 12:49 pm | Last updated: September 14, 2020 at 12:49 pm

കൊച്ചി | മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിൽ നടത്തുന്ന നിയമ കോഴ്‌സുകളുടെ പരീക്ഷകൾ അനിശ്ചിതമായി നീളുന്നത് വിദ്യാർഥികളെ ആശങ്കയിലാക്കുന്നു. നാല് സെമസ്റ്ററുകൾ പിന്നിട്ട വിദ്യാർഥികൾ ആകെ എഴുതിയത് ഒരു സെമെസ്റ്റർ പരീക്ഷകൾ മാത്രമാണ്.

ഇനി മൂന്ന് സെമസ്റ്റർ പരീക്ഷകൾ ബാക്കി നിൽക്കെ കഴിഞ്ഞ വർഷം നടത്തിയ ആദ്യ പരീക്ഷയുടെ ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതോടെ അഞ്ച് വർഷം കൊണ്ട് പൂർത്തിയാകേണ്ട കോഴ്‌സുകൾ ഏഴ് വർഷം കഴിഞ്ഞാലും പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
എം ജി യൂനിവേഴ്‌സിറ്റി നേരിട്ട് നടത്തുന്ന ഇരട്ട ഡിഗ്രി കോഴ്‌സായ ബി എ, എൽ എൽ ബി ഓണേഴ്‌സ് കോഴ്‌സാണ് സമയക്രമം പാലിക്കാതെ നീളുന്നത്. ഇതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് വിദ്യാർഥികൾ. ഇതിനായി പോരാട്ടം എന്ന പേരിൽ സംഘടന രൂപവത്കരിച്ചിട്ടുണ്ട്.

ആലുവ ഭാരത മാതാ ലോ കോളജ്, പൂത്തോട്ട എസ് എൻ കോളജ്, എറണാകുളം ഗവ. ലോ കോളജ്, കോട്ടയം സി എസ് ഐ ലോ കോളജ്, തൊടുപുഴ അൽ അസർ ലോ കോളജ്, കടമ്മന്നിട്ട മൗണ്ട് സിയോൺ ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ ചേർന്നാണ് കൂട്ടായ്മ രൂപവത്കരിച്ചത്. ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഉൾപ്പടെയുള്ളവർക്ക് കൂട്ടായ്മയുടെ പേരിൽ പരാതി മെയിൽ ചെയ്തും യൂനിവേഴ്‌സിറ്റിയിലേക്ക് കൂട്ട മെയിലുകൾ അയച്ചുമാണ് പ്രതിഷേധം. ഇതിന് മുന്നോടിയായി സ്റ്റാറ്റസ് മാർച്ചും നടത്തും.

ALSO READ  ദക്ഷിണ ചൈനാ കടലിലെ അമേരിക്കന്‍ പടയൊരുക്കം