കടിച്ചാല്‍ പൊട്ടാത്ത വാക്കുകളുമായി വീണ്ടും തരൂര്‍

Posted on: September 13, 2020 6:54 pm | Last updated: September 13, 2020 at 6:54 pm

സാധാരണ അധികമാരും ഉപയോഗിക്കാത്ത ഇംഗ്ലീഷ് വാക്കുകളുടെ ഇഷ്ടക്കാരനാണ് ശശി തരൂര്‍ എം പി. ദൈര്‍ഘ്യമുള്ളതും കടിച്ചാല്‍ പൊട്ടാത്തതുമായ പല വാക്കുകളും അദ്ദേഹം ഇടക്കിടെ ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ പങ്കുവെക്കാറുമുണ്ട്. ഇങ്ങനെ മറ്റു ചില വമ്പന്‍ വാക്കുകളുമായി നോവലിസ്റ്റ് ചേതന്‍ ഭഗതിനെ പ്രശംസിച്ചിരിക്കുകയാണ് തരൂര്‍.

ടൈംസ് ഓഫ് ഇന്ത്യയില്‍ ചേതന്‍ ഭഗത് എഴുതിയ കുറിപ്പ് ട്വിറ്ററില്‍ തരൂര്‍ പങ്കുവെച്ചിരുന്നു. രാജ്യത്തെ ബാധിച്ച പ്രശ്‌നങ്ങളെയും ഈ പശ്ചാത്തലത്തില്‍ എന്ത് ചെയ്യണമെന്നുമൊക്കെ ചേതന്‍ പറയുന്നുണ്ടെന്ന് ശശി തരൂര്‍ ട്വീറ്റില്‍ കുറിച്ചിരുന്നു. ലാളിത്യവും നേരെചൊവ്വെയുള്ള എഴുത്തുമാണ് ചേതന്റെ മേന്മ. അദ്ദേഹത്തിന്റെ സന്ദേശം വ്യക്തമാണ്. സര്‍ക്കാറിലെ അദ്ദേഹത്തിന്റെ ഫാന്‍സ് അതിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തരൂര്‍ കുറിച്ചിരുന്നു.

ഇതിനുള്ള മറുപടിയില്‍ തരൂര്‍ തന്നെ പ്രശംസിച്ചതായും ഏറെ ആഹ്ലാദമുണ്ടെന്നും ചേതന്‍ കുറിച്ചു. മാത്രമല്ല, അടുത്ത തവണ തന്നെ പ്രശംസിക്കാന്‍ കുറച്ച് വലിയ വാക്കുകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.

തുടര്‍ന്നാണ്, തരൂര്‍ വമ്പന്‍ വാക്കുകള്‍ ഉപയോഗിച്ചത്. sesquipedalian, rodomontade, convolutiosn, limpid perspicactiy തുടങ്ങിയ വാക്കുകളാണ് തരൂര്‍ പ്രത്യേകമായി ഉപയോഗിച്ചത്.

‘തീര്‍ച്ചയായും ചേതന്‍ ഭഗത്, നിങ്ങള്‍ നീളമുള്ള വാക്കുകള്‍ ഉപയോഗിക്കുന്നയാളോ പൊങ്ങച്ചം പറയുന്നയാളോ അല്ലെന്ന് വ്യക്തമാണ്. നിങ്ങളുടെ ആശയങ്ങള്‍ സങ്കീര്‍ണമോ വളച്ചുകെട്ടിയുള്ളതോ അല്ല. തികച്ചും ആഡംബരമല്ലാതെയാണ് നിങ്ങള്‍ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നത്. ഇന്നത്തെ കോളത്തിലെ വളരെ സുതാര്യമായ സൂക്ഷ്മകാഴ്ചപ്പാടിനെ ഞാന്‍ അഭിനന്ദിക്കുന്നു’- എന്നാണ് തരൂര്‍ കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പ് കാണാം:

Sure, Chetan Bhagat! It’s clear you are not sesquipedalian nor given to rodomontade. Your ideas are unembellished with…

Posted by Shashi Tharoor on Sunday, September 13, 2020