മാധ്യമം സീനിയര്‍ ന്യൂസ് എഡിറ്റര്‍ എന്‍ രാജേഷ് നിര്യാതനായി

Posted on: September 13, 2020 1:30 pm | Last updated: September 13, 2020 at 1:48 pm

കോഴിക്കോട് | മാധ്യമം ദിനപത്രത്തിന്റെ സീനിയര്‍ ന്യൂസ് എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി അംഗവുമായ എന്‍ രാജേഷ് നിര്യാതനായി. 56 വയസ്സായിരുന്നു. കോഴിക്കോട് തൊണ്ടയാട് നാരകത്ത് കുടുംബാംഗമാണ്. കരള്‍ സംബന്ധമായ അസുഖം മൂലം നാലു ദിവസമായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മാധ്യമം ജേണലിസ്റ്റ് യൂണിയന്‍, മാധ്യമം റിക്രിയേഷന്‍ ക്ലബ് എന്നിവയുടെ പ്രസിഡന്റാണ്. കോഴിക്കോട് പ്രസ് ക്ലബിന്റെ പ്രസിഡന്റായും സെക്രട്ടറിയായും വിവിധ കാലയളവില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു. കാലിക്കറ്റ് പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിലെ അധ്യാപകനായിരുന്നു. കേരള കൗമുദിയിലൂടെയാണ് രാജേഷ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. മൃതദേഹം ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 45 മിനുട്ട് സമയം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം ഇന്ന് വൈകീട്ട് ആറിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.
ഭാര്യ: പരേതയായ ശ്രീകല. മകന്‍: ഹരികൃഷ്ണന്‍.

മുഖ്യമന്ത്രി അനുശോചിച്ചു
എന്‍ രാജേഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗില്‍ മികവ് തെളിയിച്ച പത്രപ്രവര്‍ത്തകനായിരുന്നു രാജേഷ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.