ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കാന്‍ സര്‍വകക്ഷി യോഗം ഇന്ന്

Posted on: September 11, 2020 7:39 am | Last updated: September 11, 2020 at 9:19 am

തിരുവനന്തപുരം | കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് രാവിലെ പത്തിന് ഓണ്‍ലൈനായി നടക്കും. ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടിലാണ് കേരളത്തിലെ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിയില്‍ അയവ് വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം ചേര്‍ന്ന് കമ്മീഷനോട് ആവശ്യപ്പെടാന്‍ ആലോചിക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ആലോചനയുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്നാണ് യു ഡി എഫ് നിലപാട്. ആദ്യഘട്ടത്തില്‍ ഇടതിന് ഇതിനോട് വലിയ യോജിപ്പില്ലായിരുന്നെങ്കിലും ഇപ്പോള്‍ നിലപാടിന് അയവ് വന്നിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കരുതെന്നാണ് ബി ജെ പി പറയുന്നത്. ഇരു മുന്നണിക്കും പരാജ ഭീതിയാണെന്നും ബി ജെ പി പറയുന്നു. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും യോജിക്കാവുന്ന സമവായ ഫോര്‍മുലയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. പുതിയ തദ്ദേശ ഭരണസമിതികള്‍ ജനുവരിയില്‍ നിലവില്‍ വരും വിധമുളള പുനക്രമീകരണത്തെ കുറിച്ചാണ് സര്‍ക്കാരിന്റെ ആലോചന.