ജ്വല്ലറി തട്ടിപ്പ്: എം സി കമറുദ്ദീന്‍ ഇന്ന് ലീഗ് നേതൃത്വത്തിന് വിശദീകരണം നല്‍കും

Posted on: September 10, 2020 9:43 am | Last updated: September 10, 2020 at 12:58 pm

കാസര്‍കോട് | ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് വിഷയത്തില്‍ ആരോപണവിധേയനായ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ ഇന്ന് ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നല്‍കും. സംസ്ഥാന സമിതി അംഗമായ കമറുദ്ദീനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ ലീഗ് നേതൃത്വം വളരെ ഗൗരവമായാണ് കാണുന്നത്.

ഇന്നലെ മാത്രം ഇദ്ദേഹത്തിനെതിരെ 14 കേസുകളാണ് രജിസറ്റര് ചെയ്തത്. ഫാഷന്‍ ഗോള്‍ഡിന്റെ മൂന്ന് ശാഖകളില്‍ നിക്ഷേപം നടത്തിയവരാണ് പരാതി നല്‍കിയിരിക്കുന്നത്. സ്ഥാപനം പ്രതിസന്ധിക്കിടയായ സാഹചര്യം കമറുദ്ദീന്‍ ലീഗ് നേതൃത്വത്തോട് വിശദീകരിക്കും. സാമ്പത്തിക പ്രതിസന്ധിക്കിടെ ഡയറക്ടര്‍മാര്‍ പോലും നിക്ഷേപം പിന്‍വലിച്ചതും വലിയ പ്രതിസന്ധിയുണ്ടാക്കിയെന്ന കാര്യവും അദ്ദേഹം നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നാണ് അറിയുന്നത്.

കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ അറിയിച്ചിരുന്നു. നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് കമറുദ്ദീന്റെയും ജ്വല്ലറി എംഡി ടി കെ പൂക്കോയ തങ്ങളുടേയും വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു.