കൊവിഡ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി

Posted on: September 6, 2020 10:26 pm | Last updated: September 7, 2020 at 9:18 am

തിരുവനന്തപുരം | കൊവിഡ്- 19 സംശയിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. കൊവിഡ് ഇല്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിച്ചെന്നാണ് പരാതി. ഈ മാസം മൂന്നാം തീയതിയാണ് സംഭവം.

തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിലാണ് സംഭവം. കുളത്തൂപ്പുഴ സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരാതിയില്‍ ആരോഗ്യപ്രവര്‍ത്തകനെതിരെ കേസെടുത്തിട്ടുണ്ട്.

യുവതിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ: യുവതി മലപ്പുറത്ത് ജോലിക്ക് പോയിരുന്നു. തിരിച്ചെത്തി ക്വാറന്റൈനില്‍ കഴിഞ്ഞു. തുടര്‍ന്ന് കടയ്ക്കലിലെ ആരോഗ്യകേന്ദ്രത്തില്‍ കൊവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവ് ആയിരുന്നു. ജോലിയുടെ ആവശ്യത്തിന് കൊവിഡ് ഇല്ല എന്ന സര്‍ട്ടിഫിക്കറ്റിന് വേണ്ടി ആരോഗ്യപ്രവര്‍ത്തകനെ ബന്ധപ്പെട്ടു.

സര്‍ട്ടിഫിക്കറ്റ് തന്റെ വീട്ടില്‍ വന്ന് വാങ്ങിക്കൊള്ളാന്‍ ആരോഗ്യപ്രവര്‍ത്തകന്‍ യുവതിയോട് പറഞ്ഞു. പാങ്ങോടാണ് ആരോഗ്യപ്രവര്‍ത്തകന്റെ വീട്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടിലെത്തി. ആ സമയം വീട്ടില്‍ ആരോഗ്യപ്രവര്‍ത്തകനല്ലാതെ ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

ഇന്ന് വൈകിട്ടാണ് വെള്ളറട പോലീസ് സ്‌റ്റേഷനില്‍ യുവതി പരാതി നല്‍കിയത്. സുഹൃത്തിനൊപ്പം വെള്ളറടയില്‍ താമസിക്കുന്നതിനാലാണ് ഇവിടെ പരാതി നല്‍കിയത്. യുവതിയുടെ മൊഴിയെടുത്തു. കേസ് പാങ്ങോട് പോലീസിന് കൈമാറും.

കൊവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത് സംസ്ഥാനത്തെ ഞെട്ടിച്ച പശ്ചാത്തലത്തിലാണ് ഈ സംഭവം. പത്തനംതിട്ട ജില്ലയിലാണ് ആംബുലന്‍സ് ഡ്രൈവര്‍ കൊവിഡ് ബാധിതയെ പീഡിപ്പിച്ചത്.