Connect with us

Kasargod

ജ്വല്ലറി തട്ടിപ്പ്: മഞ്ചേശ്വരം എംഎല്‍എ. ഖമറുദ്ദീനെതിരേ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും

Published

|

Last Updated

കാസര്‍കോട് | ജ്വല്ലറി നിക്ഷേപതട്ടിപ്പിന് പുറമേ മഞ്ചേശ്വരം എം എല്‍ എയും ജ്വല്ലറി ചെയര്‍മാനുമായ എം സി ഖമറുദീനും മാനേജിംഗ് ഡയറക്ടറും ഇകെ വിഭാഗം നേതാവുമായ ടി കെ പൂക്കോയ തങ്ങള്‍ക്കുമെതിരേ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പു കേസും. പണം തിരികേ ആവശ്യപ്പെട്ട് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയിലെ രണ്ട് നിക്ഷേപകരുടെ പരാതിയിലാണ് കേസ്. കള്ളാര്‍ സ്വദേശി സുബീഷ്, കള്ളാറിലെ തന്നെ പ്രവാസിയായ അഷ്‌റഫ് എന്നിവരാണ് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ പൂട്ടിയതിനെ തുടര്‍ന്നാണ് കള്ളാര്‍ സ്വദേശി സുബീര്‍ നിക്ഷേപമായി നല്‍കിയ 28 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ എം സി ഖമറുദീനും പൂക്കോയ തങ്ങളും ഇവര്‍ ഒപ്പിട്ട പതിനഞ്ച ലക്ഷത്തിന്റെയും പതിമൂന്ന് ലക്ഷത്തിന്റെയും രണ്ട് ചെക്കുകള്‍ നല്‍കുകയായിരുന്നു. എന്നാല്‍ പണം മാറാന്‍ ചെക്ക് ബാങ്ക് അക്കൗണ്ടില്‍ ഇട്ടപ്പോള്‍ പണമില്ലെന്ന് അറിയിച്ചു മടക്കി.

കള്ളാര്‍ സ്വദേശിയായ പ്രവാസി അഷ്‌റഫില്‍ നിന്ന് ഇരുവരും 50 ലക്ഷം രൂപയാണ് വാങ്ങിയിരുന്നത്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഡിസംബര്‍ 31, ജനുവരി 1 ,30 തീയതികളിലായി 15 ലക്ഷത്തിന്റെ രണ്ട് ചെക്കുകളും ഇരുപത് ലക്ഷത്തിന്റെ ഒരു ചെക്കും നല്‍കി. എന്നാല്‍ ഈ മൂന്ന് ചെക്കും മടങ്ങി. മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തോട് പരാതി പറഞ്ഞിട്ടും കൈയ്യൊഴിഞ്ഞെന്ന് ലീഗ് അനുഭാവികളായ നിക്ഷേപകര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് മാര്‍ച്ചില്‍ ഇരുവരും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. ഇതു പ്രകാരം നെഗോഷ്യബിള്‍ ഇന്‍സുട്രുമെന്റ് ആക്ട് 138 ആം വകുപ്പ് പ്രകാരമുള്ള രണ്ട് കേസുകളിലാണ് എം എല്‍ എക്കും പൂക്കോയ തങ്ങള്‍ക്കുമെതിരേ കോടതി സമന്‍സ് അയച്ചത്.

ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഖമറുദിനെതിരേ എഴു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്നു പേരില്‍ നിന്നായി 10 ലക്ഷം വീതം തട്ടിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം ചന്തേര പൊലീസ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. നേരത്തെ ചെറുവത്തൂര്‍ കാടങ്കോട് സ്വദേശികളായ അബ്ദുള്‍ ഷുക്കൂര്‍, ആരിഫ, സുഹറ എന്നിവര്‍ നല്‍കിയ പരാതിയിലും കേസുണ്ട്്. 30 ലക്ഷം തട്ടിയെന്ന് അബ്ദുള്‍ഷുക്കൂറും, മൂന്ന് ലക്ഷം തട്ടിയെന്ന് ആരിഫയും ഒരു ലക്ഷം തട്ടിച്ചെന്ന് സുഹറയും പരാതി നല്‍കി. ഇതിലാണ് വഞ്ചന കുറ്റം ചുമത്തി കേസെടുത്തത്.

Latest