Connect with us

Covid19

അബുദാബിയിലേക്ക് പ്രവേശനം: പി സി ആര്‍, ലേസര്‍ ഡി പി ഐ പരിശോധനാഫലം ഉപയോഗിക്കാം

Published

|

Last Updated

അബുദാബി | ഇന്ന് മുതല്‍ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി പി സി ആര്‍ അല്ലെങ്കില്‍ ലേസര്‍ ഡി പി ഐ പരിശോധന ഫലം ഉപയോഗിക്കാമെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. 48 മണിക്കൂറിനുള്ളില്‍ ലഭിച്ച പി സി ആര്‍ അല്ലെങ്കില്‍ ലേസര്‍ ഡി പി ഐ നെഗറ്റീവ് പരിശോധനാ ഫലങ്ങള്‍ക്കാണ് ഇന്ന് മുതല്‍ അംഗീകാരം നല്‍കിയത്.

എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 27 മുതല്‍, ലേസര്‍ ഡി പി ഐ പരിശോധനാ ഫലം ഉപയോഗിക്കുന്നവര്‍ അനുബന്ധമായി ആറ് ദിവസത്തിനിടയില്‍ ലഭിച്ച പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ട രീതിയില്‍ പരിശോധനാ നടപടികള്‍ പുനഃക്രമീകരിച്ചിരുന്നു. ഈ തീരുമാനത്തിലാണ് സെപ്റ്റംബര്‍ അഞ്ച് മുതല്‍ മാറ്റങ്ങള്‍ വരുത്തുന്നത്.

പുതിയ തീരുമാനപ്രകാരം ലേസര്‍ ഡി പി ഐ പരിശോധനാ ഫലം ഉപയോഗിക്കുന്നവര്‍ക്ക് ആവശ്യമായിരുന്ന മുന്‍കൂര്‍ പി സി ആര്‍ പരിശോധന ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ 48 മണിക്കൂറിനിടയില്‍ ലഭിച്ച കൊവിഡ് 19 നെഗറ്റീവ് പി സി ആര്‍ ഫലം, അല്ലെങ്കില്‍ 48 മണിക്കൂറിനിടയില്‍ ലഭിച്ച ലേസര്‍ ഡി പി ഐ നെഗറ്റീവ് റിസള്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് കൊണ്ട് എമിറേറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.

അതേസമയം ആറ് ദിവസത്തിലധികം അബുദാബിയില്‍ തുടര്‍ച്ചയായി താമസിക്കാനായി പ്രവേശിക്കുന്നവര്‍ക്ക്, ഇത്തരത്തില്‍ ഓരോ തവണയും എമിറേറ്റിലേക്ക് പ്രവേശിച്ച് ആറാം ദിനം പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം.

കൊവിഡ് 19 വാക്‌സിന്‍ പരീക്ഷണങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ തീരുമാനത്തില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് എമര്‍ജന്‍സി വാഹനങ്ങള്‍ക്കുള്ള നിരയിലൂടെ എമിറേറ്റിലേക്ക് നേരിട്ട് പ്രവേശിക്കാവുന്നതാണ്. ഈ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ഉള്‍പ്പടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും കമ്മിറ്റി വ്യക്തമാക്കി.

---- facebook comment plugin here -----

Latest