കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല; എസ് വൈ എസ് സമരാരംഭം നാളെ

നിൽപ്പ് - പാതയോര സമരങ്ങൾ നടത്തും
Posted on: September 4, 2020 4:14 pm | Last updated: September 4, 2020 at 4:14 pm

കോഴിക്കോട് | കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഢ നീക്കങ്ങൾക്കെതിരെ ” കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല ‘ എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികൾക്ക് നാളെ തുടക്കമാകും. സമരാരംഭം എന്ന പേരിൽ വൈകീട്ട് നാലിന് സംസ്ഥാന നേതാക്കൾ കരിപ്പൂർ എയർപോർട്ട് പരിസരത്ത് നിൽപ്പ് സമരം നടത്തും.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി പി സൈതലവി ചെങ്ങര ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ : എ പി അബ്ദുൽ ഹകീം അസ്ഹരി, മുഹമ്മദ് പറവൂർ, എൻ എം സ്വാദിഖ് സഖാഫി, അബൂബക്കർ മാസ്റ്റർ പടിക്കൽ നേതൃത്വം നൽകും. സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട്, സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി അഭിസംബോധന ചെയ്യും. സമരാരംഭത്തിന്റെ തുടർച്ചയായി ജില്ലാ കേന്ദ്രങ്ങളിൽ ചർച്ചാ സമ്മേളനങ്ങളും സോൺ കേന്ദ്രങ്ങളിൽ സമര സംഗമങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 100 സർക്കിൾ കേന്ദ്രങ്ങളിൽ നിൽപ്പ് സമരവും കോഴിക്കോട് മുതൽ മലപ്പുറം വരെയുള്ള ടൗണുകൾ കേന്ദ്രീകരിച്ച് പാതയോര സമരവും നടക്കും.
കേന്ദ്ര സർക്കാറിന് ഒരു ലക്ഷം ഇ മെയിൽ സന്ദേശങ്ങളും അയക്കും. സയ്യിദ് ത്വാഹാ സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സമര സമിതി യോഗത്തിൽ എസ് ശറഫുദ്ദീൻ, ആർ പി ഹുസൈൻ, വി പി എം ബഷീർ പറവന്നൂർ, കെ അബ്ദുൽ കലാം, ബഷീർ ചെല്ലക്കൊടി, അഫ്‌സൽ കൊളാരി, അബൂബക്കർ മാസ്റ്റർ പടിക്കൽ, ജമാൽ കരുളായി സംബന്ധിച്ചു.

ALSO READ  കരിപ്പൂര്‍ വിമാന ദുരന്തം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു