Connect with us

National

റെയില്‍വേ സ്വകാര്യ വത്ക്കരണം: ഓഹരി വില്‍പ്പന ഉടന്‍ ആരംഭിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | റെയില്‍വേയിലെ സ്വകാര്യ വത്ക്കരണ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഓഹരി വില്‍പ്പന ഉടന്‍ ആരംഭിച്ചേക്കും. നടപടികള്‍ വേഗത്തിലാക്കുന്നതിനായി റെയില്‍വേ ബോര്‍ഡ് അഴിച്ചുപണിതു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെ സി ഇ ഒആയി നിയമിച്ചു. സ്റ്റാഫ്, എന്‍ജിനിയറിങ്, മെറ്റീരിയല്‍സ് മാനേജ്മെന്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചുവന്ന ബോര്‍ഡ് അംഗങ്ങളുടെ തസ്തിക റദ്ദാക്കി. നിര്‍മാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കി.

അതിനിടെ കൊവിഡ് പ്രതിസന്ധിക്കിടെ നിര്‍ത്തിവെച്ച തീവണ്ടി സര്‍വ്വീസ് പൂര്‍ണ രീതിയില്‍ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികളും തുടങ്ങി. നഷ്ടത്തിലോടുന്ന ട്രെയിനുകള്‍ ഒഴിവാക്കുന്നത് അടക്കമുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിക്കും. ഒരു വര്‍ഷത്തില്‍ അമ്പതു ശതമാനത്തില്‍ താഴെമാത്രം യാത്രക്കാരുമായി ഓടുന്ന വണ്ടികള്‍ നിലനിര്‍ത്തില്ല. ആവശ്യമെങ്കില്‍ ഈ വണ്ടികള്‍ മറ്റൊരു ട്രെയിനുമായി സംയോജിപ്പിക്കും.

ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് 200 കിലോമീറ്റര്‍ പരിധിയില്‍ സ്റ്റോപ്പുണ്ടാവില്ല. ഈ പരിധിക്കുള്ളില്‍ ഏതെങ്കിലും സുപ്രധാന നഗരമുണ്ടെങ്കില്‍ മാത്രം സ്റ്റോപ്പ് അനുവദിക്കും. ഇതു കണക്കിലെടുത്ത് സ്റ്റോപ്പുകള്‍ റദ്ദാക്കാനുള്ള പതിനായിരം സ്റ്റേഷനുകളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. അതേസമയം, ചില വണ്ടികള്‍ക്കുമാത്രമേ ഇതു ബാധകമാക്കൂവെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.

 

Latest