വെഞ്ഞാറമൂട് ഇരട്ടക്കൊല: പ്രതിയുടെതെന്ന പേരില്‍ കൊടുമുണ്ട സ്വദേശിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചരണം

Posted on: September 2, 2020 8:18 pm | Last updated: September 2, 2020 at 8:18 pm

പട്ടാമ്പി | വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍, പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം അംഗമെന്ന വ്യാജേന കൊടുമുണ്ട സ്വദേശിയുടെ ഫോട്ടോ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം. യൂത്ത് ലീഗ് മുതുതല പഞ്ചായത്ത് വര്‍ക്കിങ് കമ്മിറ്റി അംഗമായ പട്ടാമ്പി കൊടുമുണ്ട സ്വദേശി കുരുത്തോലയില്‍ ഹക്കീമിന്റെ പഴയകാല ഫോട്ടോ ഉപയോഗിച്ചാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ചൊവ്വാഴ്ച രാത്രി മുതല്‍ വ്യാജ പോസ്റ്റുകള്‍ പ്രചരിക്കുന്നത്.

ഹകീം ഒരു വര്‍ഷം മുമ്പ് വരെ സിപിഎം പാര്‍ട്ടിയിലും സിപിഎം പോഷക സംഘടനകളിലും അംഗമായിരുന്നു.ആ സമയത്തെ പാര്‍ട്ടി പതാക വഹിച്ചു ബൈക്കില്‍ ഇരിക്കുന്ന ഫോട്ടോ ആണ് പ്രചരിപ്പിക്കുന്നത്. സംഭവമറിഞ്ഞ് ഹക്കീം ആ പോസ്റ്റുകളില്‍ കമന്റ് ആയും തന്റെ ഫേസ്ബുക്ക് വാളിലൂടെയും വിശദീകരണം നല്‍കിയിട്ടുണ്ട്.

കെ എസ് യു സംസ്ഥാന സെക്രട്ടറി അടക്കം നിരവധി യൂത്ത് കോണ്‍ഗ്രസ് സൈബര്‍ പേജുകളില്‍ ആണ് വ്യാജ പോസ്റ്റുകള്‍ പ്രചരിക്കുന്നത്. ഹക്കീം പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ALSO READ  FACT CHECK: വിഗ്രഹത്തെ ചൊല്ലിയുള്ള കുടുംബ തര്‍ക്കം വര്‍ഗീയവത്കരിക്കാന്‍ ശ്രമം