സംസ്ഥാനത്ത് കൊവിഡ് മരണങ്ങളും ഉയരുന്നു; ഇന്ന് ഉച്ചക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് മരണം

Posted on: September 1, 2020 11:41 am | Last updated: September 1, 2020 at 4:11 pm

കോഴിക്കോട് | സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വ്യാപകമായി പടരുന്നതിനിടെ മരണ സംഖ്യയും ചെറിയ അളവില്‍ ഉയരുന്നു. ഇന്ന് ഉച്ചക്ക് മുമ്പായി അഞ്ച് മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് രണ്ട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോഴിക്കോട് മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി (58), മൂടാടി സ്വദേശി സൗദ (58) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും വൃക്കരോഗമടക്കമുള്ള നിരവധി അസുഖങ്ങളുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണം. മലപ്പുറത്ത് ഒളവട്ടൂര്‍ സ്വദേശി ആമിന (95)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ആരോഗ്യ നില വിഷളായി മരണം സംഭവിക്കുകയായിരുന്നു. ഇതോടെ മലപ്പുറത്ത് മാത്രം കൊവിഡ് മരണം 40 ആയി.

കാസര്‍കോട് മഞ്ചേശ്വരം ഹൊസങ്കടി സ്വദേശി അബ്ദുറഹ്മാാനാണ് (60) മരിച്ചത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഹൃദ്രോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്റര്‍ ചികിത്സക്കായി പരിയാരത്ത് എത്തിക്കുകയായിരുന്നു. കണ്ണൂരില്‍ തളിപ്പറമ്പ് കാര്യമ്പലം സ്വദേശി സത്താറാണ് മരിച്ചത്. 70 വയസ്സായിരുന്നു. ഇന്ന് രാവിലെ 7.45നാണ് പരിയാരത്തുവെച്ച് മരിച്ചത്. അര്‍ബുദ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു.