Connect with us

National

ആഘോഷങ്ങള്‍ ജാഗ്രതയോടെ വേണം; കളിപ്പാട്ട മേഖലയില്‍ ഇന്ത്യയെ വന്‍ ശക്തിയാക്കും: പ്രധാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | ഓണമാഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കൊവിഡ് കാലമായതിനാല്‍ ആഘോഷങ്ങള്‍ ജാഗ്രതയോടെ വേണമെന്ന ഓര്‍മപ്പെടുത്തലും അദ്ദേഹം പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കവേ നടത്തി. ഉത്സവങ്ങളുടെ സമയമാണെങ്കിലും കൊവിഡ് കാരണം ആളുകള്‍ക്കിടയില്‍ അച്ചടക്ക ബോധമുണ്ടെന്നും പ്രധാന മന്ത്രി സൂചിപ്പിച്ചു. ഓണം അന്താരാഷ്ട്ര ഉത്സവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് കാര്‍ഷിക ഉത്പാദനം കുറഞ്ഞുവെന്നത് ചൂണ്ടിക്കാട്ടിയ പ്രധാന മന്ത്രി പ്രതികൂല സാഹചര്യത്തിലും പിടിച്ചു നിന്ന കര്‍ഷകരെ പ്രശംസിച്ചു.

തദ്ദേശീയ കളിപ്പാട്ട നിര്‍മാണ മേഖലയെ പ്രത്യേകം പരാമര്‍ശിച്ചു കൊണ്ടാണ് മോദിയുടെ പ്രസംഗം മുന്നോട്ടു പോയത്. കളിപ്പാട്ട നിര്‍മാണ മേഖലയെ ശക്തിപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. നമ്മുടെ രാജ്യത്തെ ഒരു കളിപ്പാട്ട കേന്ദ്രമാക്കി മാറ്റുന്നതിനായി ഇന്ത്യയിലെ കളിപ്പാട്ട ക്ലസ്റ്ററുകള്‍ വികസിപ്പിച്ചു വരികയാണ്. ലോകത്തെല്ലായിടത്തേക്കും കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്ന കളിപ്പാട്ട കേന്ദ്രമായി മാറാനുള്ള കഴിവും പ്രാപ്തിയും ഇന്ത്യക്കുണ്ട്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യയുടെ പങ്ക് താരതമ്യേന കുറവാണ്. ഇത് മെച്ചപ്പെടുത്താന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്. മേഖലയില്‍ ഇന്ത്യയെ വന്‍ ശക്തിയാക്കി മാറ്റണം. കളിപ്പാട്ടങ്ങള്‍ വെറും വിനോദ ഉപകരണങ്ങള്‍ മാത്രമല്ല, കുട്ടികളുടെ സര്‍ഗാത്മക ശേഷി വികസിപ്പിക്കുന്ന വസ്തുക്കള്‍ കൂടിയാണെന്നും മോദി പറഞ്ഞു. കമ്പ്യൂട്ടര്‍ ഗെയിമുകളുടെ കാര്യത്തിലും ആത്മനിര്‍ഭര്‍ ആകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.