International
യെമനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷക്കു സ്റ്റേ

സന | യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷ പ്രിയയുടെ ശിക്ഷ സ്റ്റേ ചെയ്തു. യെമനിലെ പരമോന്നത നീതിപീഠമായ ജുഡീഷ്യല്‍ കൗണ്‍സിലാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. വധശിക്ഷ്‌ക്കെതിരായ അപ്പീലില്‍ തീരുമാനം ആകുന്നത് വരെ സ്റ്റേ തുടരും. യെമന്‍ പൗരനായ ഭര്‍ത്താവ് തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ തള്ളിയെന്നാണ് നിമിഷ പ്രിയക്കെതിരായ കേസ്. കൊലപാതകത്തിന് കൂട്ടുനിന്ന യെമന്‍കാരിയായ അസിസ്റ്റന്റ് നഴ്‌സ് ഹനാനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു. തലാല്‍ അബ്ദു മെഹ്ദിയുമൊന്നിച്ച് യെമനില്‍ ക്ലിനിക് നടത്തി വരികയായിരുന്നു നിമിഷ പ്രിയ.
നിമിഷ പ്രിയയെ വധശിക്ഷക്കു വിധിച്ച വിചാരണക്കോടതി ഉത്തരവ് ശരിവച്ചു കൊണ്ട് ഈ മാസം പതിനെട്ടിനാണ് അപ്പീല്‍ കോടതി വിധിപ്രസ്താവം നടത്തിയത്. ഉത്തരവിനെതിരെ ജുഡീഷ്യല്‍ കൗണ്‍സിലിനെ സമീപിക്കുകയായിരുന്നു.