Connect with us

Covid19

അണ്‍ലോക്ക് നാലാം ഘട്ടം പ്രഖ്യാപിച്ചു; സ്‌കൂളുകള്‍ തുറക്കില്ല, പരിപാടികളില്‍ നൂറ് പേരെ പങ്കെടുപ്പിക്കാം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ്- 19 വ്യാപനം തടയുന്നതിന് വേണ്ടി പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ നാലാം ഘട്ട ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്തംബര്‍ ഏഴ് മുതല്‍ മെട്രോ ട്രെയിന്‍ സര്‍വീസ് ഘട്ടംഘട്ടമായി ആരംഭിക്കും. നൂറ് പേരെ പങ്കെടുപ്പിച്ച് പരിപാടികള്‍ നടത്താനും അനുമതിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

അതേസമയം, സ്‌കൂള്‍, കോളജ്, നീന്തല്‍ കുളങ്ങള്‍, ഇന്‍ഡോര്‍ തിയറ്ററുകള്‍ തുടങ്ങിയവ അടഞ്ഞുകിടക്കും. നൂറ് പേരെ പങ്കെടുപ്പിച്ച് പരിപാടികള്‍ നടത്താന്‍ സെപ്തംബര്‍ 21 മുതലാണ് അനുമതിയുണ്ടാകുക. സാമൂഹിക, അക്കാദമിക്, സ്‌പോര്‍ട്‌സ്, വിനോദ, സാംസ്‌കാരിക, മത പരിപാടികളെല്ലാം ഇതില്‍ പെടും. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും തെര്‍മല്‍ സ്‌കാനിംഗ് നടത്തുകയും കൈകഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം.

സെപ്തംബര്‍ 21 മുതല്‍ ഓപണ്‍ എയര്‍ തിയേറ്ററുകള്‍ക്കും പ്രവര്‍ത്തിക്കാം. ഓണ്‍ലൈന്‍ അധ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് 50 ശതമാനം അധ്യാപകരെയും അനധ്യാപകരെയും സ്‌കൂളുകളില്‍ അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും തീരുമാനമെടുക്കാം.

സെപ്തംബര്‍ 30 വരെയാണ് അണ്‍ലോക്ക്- 4 നിലനില്‍ക്കുക. ജൂലൈ 30നായിരുന്നു അണ്‍ലോക്ക് 3 പ്രഖ്യാപിച്ചിരുന്നത്.

Latest