Connect with us

Kerala

തരൂരിനെയോർത്ത് അഭിമാനം; നിലപാടുകളോട് ശക്തമായ വിയോജിപ്പ്: കൊടിക്കുന്നിൽ സുരേഷ്

Published

|

Last Updated

തിരുവനന്തപുരം | ശശി തരൂരിനെയോർത്ത് എല്ലാ കേരളീയരെയും പോലെ തനിക്കും അഭിമാനമാണെന്നും  അദ്ദേഹം നിലകൊണ്ട വിഷയങ്ങളിൽ ശക്തമായി വിയോജിച്ചു കൊണ്ട് വ്യക്തിപരമായി ഉണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കെ പി സി സി വർക്കിംഗ് പ്രസിഡന്റും എം പിയുമായ കൊടിക്കുന്നിൽ സുരേഷ്.  തരൂര്‍ ഒരു രാഷ്ട്രീയക്കാരനല്ലെന്നും അദ്ദേഹം ഒരു ഗസ്റ്റ് ആർട്ടിസ്റ്റാണെന്നുമുള്ള വിമർശനങ്ങൾക്ക് പിന്നാലെയുണ്ടായ വിവാദങ്ങൾക്ക് മറുപടിയായി ഫേസ്ബക്കിലാണ് കൊടിക്കുന്നിലിന്റെ പ്രതികരണം.

പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായ ശശി തരൂരിന്റെ അഭിപ്രായങ്ങൾ ആണ് ജനാധിപത്യപരമായ തന്റെ വിമർശനങ്ങളുടെ കാതലെന്നും പാർട്ടിഫോറങ്ങളിൽ ആലോചിക്കാതെയുള്ള അദ്ദേഹത്തിന്റെ പല നിലപാടുകളിലും താൻ ഉൾപ്പെടയുള്ള സഹപ്രവർത്തകർക്ക് വിയോജിപ്പികൾ ഉണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു. തരൂരിനോട് വ്യക്തിപരമായ വിരോധമല്ലെന്നും രാഷ്ട്രീയമായ സംവാദമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായി താൻ ഏറെ ഇഷ്ടപെടുന്ന ആളാണ് ശശി തരൂർ. അദ്ദേഹത്തിന്റെ ലോക പരിചയവും, കഴിവും, പ്രാപ്തിയും, ഭാഷാ പരിചയവും തനിക്കും സഹപ്രവർത്തകൻ എന്ന നിലയിൽ സന്തോഷമാണ്. അദ്ദേഹത്തെ ഓർത്ത് എല്ലാ കേരളീയരെയും പോലെ തനിക്കും അഭിമാനമാണ്. നിലപാടുകളിൽ വിയോജിക്കുമ്പോഴും അദ്ദേഹത്തിന്റെ കഴിവുകളിലും, നേട്ടങ്ങളിലും ഞാനും അഭിമാനിക്കുകയും, സന്തോഷിക്കുകയും ചെയ്യുന്നുണ്ട്. -കൊടിക്കുന്നിൽ പറഞ്ഞു.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള തന്റെ ചിത്രം കൂടി ചേർത്താണ് ഫേസ്ബുക്ക് പോസ്റ്റ്. തന്റെ വാക്കുകൾ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാനോ മുറിവേൽപ്പിക്കാനോ, അദ്ദേഹത്തിന്റെ കഴിവുകളെ കുറച്ചു കാട്ടാനോ ആയിരുന്നില്ല. അതിൽ അദ്ദേഹത്തിന് എന്തെങ്കിലും വിഷമം ഉണ്ടായെങ്കിൽ പാർട്ടി താല്പര്യം മുൻ നിർത്തി അദ്ദേഹം നിലകൊണ്ട വിഷയങ്ങളിൽ ശക്തമായി വിയോജിച്ചു കൊണ്ട് വ്യക്തിപരമായി ഉണ്ടായ വിഷമത്തിൽ  ഖേദം പ്രകടിപ്പിക്കുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിൽ കേന്ദ്ര നിലപാടിനോടുള്ള തരൂരിന്റെ യോജിപ്പാണ് വിവാദങ്ങൾക്ക് തുടക്കം. തരൂർ എടുത്തു ചാട്ടം കാണിക്കുകയാണെന്നു വിശ്വപൗരനായതിനാൽ രാഷ്ട്രീയം ബാധകമല്ലെന്ന ചിന്തയാണ് അദ്ദേഹത്തിനെന്നുമായിരുന്നു തരൂരിനെതിരെയുള്ള കൊടിക്കുന്നിന്റെ വിമർശനം. ശശി തരൂർ പാർട്ടിയുടെ അതിർവരമ്പുകളിൽനിന്ന് പ്രവർത്തിക്കുന്നില്ല, ശശി തരൂർ രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ പക്വത കാണിക്കുന്നില്ലെന്നും പറഞ്ഞത് ചർച്ചകൾക്ക് വഴിവച്ചു.

കത്തെഴുതിയതിന്റെ പേരില്‍ തരൂരിനെ പ്രതികൂലിച്ചും അനുകൂലിച്ചും നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസിന്റെ താല്പര്യത്തിനനുസരിച്ച് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയെന്നുളളത് എല്ലാവരുടെയും കടമയാണെന്നും ഈ തത്വം ഉയര്‍ത്തിപ്പിടിച്ച് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാ സഹപ്രവര്‍ത്തകരോടും താന്‍ അഭ്യര്‍ഥിക്കുന്നുവെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.