National
അടല്‍ റോഹ്തംഗ് തുരങ്കം 29ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും.

ശ്രീനഗര്‍ | സമുദ്രനിരപ്പില്‍ നിന്നും 10,000 അടി ഉയരത്തില്‍, 9.02 കി.മീ നീളത്തില്‍ നിര്‍മിച്ചിരിക്കുന്ന അടല്‍ റോഹ്തംഗ് ചുരങ്കം 29ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി ജമ്മുവില്‍ നിന്നുള്ള കേന്ദ്രമന്ത്രി രാം ലാല്‍ മാര്‍കണ്ഡ അറിയിച്ചു. മണാലി-ലഡാക്ക് ഹൈവേയിലെ റോഹ്തംഗ് ചുരത്തിലെ മഞ്ഞു മലകള്‍ക്കടിയിലൂടെയാണ് അടല്‍ തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈ ആള്‍ട്ടിറ്റിയൂഡ് ഹൈവേ തുരങ്കമായ അടല്‍ റോഹ്കംഗ് തുരങ്കം അരിയപ്പെടുന്നത്.
മഞ്ഞുകാലത്ത് ആറുമാസത്തോളം അടഞ്ഞു കിടക്കുന്ന ചുരം ഒഴിവാക്കി തുരങ്കം വഴി ഇനി യാത്രചെയ്യാം. ലഡാക്കിലേക്കുള്ള ദൂരം 46 കിലോമീറ്റര്‍ കുറയുകയും ചെയ്യും. യാത്രാസമയത്തില്‍ അഞ്ചുമണിക്കൂര്‍ ലാഭിക്കാമെന്നുമാണ് റിപ്പോര്‍ട്ട്.
തുരങ്കത്തിലൂടെയുള്ള ഗതാഗതം ഉദ്ഘാടനം ചെയ്യുന്നതോടെ കാലങ്ങളായി സൈനികരും ഈ ഭാഗത്തെ ജനങ്ങളും അനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതി വരുമെന്നും ഇത് സാമ്പത്തികവും സാമൂഹികപരവുമായി വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും രാം ലാല്‍ മാര്‍കണ്ഡ പ്രതികരിച്ചു.