Connect with us

Editorial

വീണ്ടുമൊരു ഹിന്ദി വിവാദം

Published

|

Last Updated

ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊതേച്ചയുടെ യോഗ സെമിനാറിലെ പരാമര്‍ശം വീണ്ടുമൊരു ഹിന്ദിഭാഷാ വിവാദത്തിനു വഴിമരുന്നിട്ടിരിക്കുകയാണ്. ആയുഷ് മന്ത്രാലയവും മൊറാര്‍ജി ദേശായി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ഫോര്‍ മാസ്റ്റര്‍ ട്രെയിനേഴ്‌സും ചേര്‍ന്നു നടത്തിയ ത്രിദിന സെമിനാറിലായിരുന്നു കൊതേച്ചയുടെ വിവാദ പരാമര്‍ശം. പരിപാടിയില്‍ പങ്കെടുത്ത മിക്ക പ്രഭാഷകരും ഹിന്ദിയിലായിരുന്നു സംസാരിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് സെമിനാറില്‍ പങ്കെടുത്ത പ്രതിനിധികള്‍ ഇതില്‍ അസംതൃപ്തി രേഖപ്പെടുത്തുകയും പ്രഭാഷണങ്ങള്‍ ഇംഗ്ലീഷിലാക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. അവസാന ദിവസമായ ശനിയാഴ്ചയായിരുന്നു കൊതേച്ചയുടെ പ്രഭാഷണം. തന്റെ സംസാരത്തിന്റെ ആമുഖത്തില്‍ അദ്ദേഹം പറഞ്ഞു, “രണ്ട് ദിവസമായി ഭാഷ സംബന്ധിച്ച് ചില പ്രശ്‌നങ്ങളുള്ളതായി അറിഞ്ഞു. പരാതിയുള്ളവര്‍ക്ക് ഇറങ്ങിപ്പോകാം. എനിക്ക് ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാന്‍ അറിയില്ല. ഹിന്ദിയിലാണ് ഞാന്‍ സംസാരിക്കുന്നത്”.

ഹിന്ദി അറിയാത്തവര്‍ ഇറങ്ങിപ്പൊയ്‌ക്കോളൂ എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം വ്യാപകമായ വിമര്‍ശത്തിനു വിധേയമായിരിക്കുന്നു. ഇതിനെതിരെ തമിഴ്‌നാട്ടിലെയും ഇതര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും വിവിധ രാഷ്ട്രീയ നേതാക്കള്‍ പ്രതിഷേധിക്കുകയും കൊതേച്ചയെ ആയുഷ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയുമാണ്. രണ്ടാഴ്ച മുമ്പ് ചെന്നൈ വിമാനത്താവളത്തില്‍ ഡി എം കെ. എം പി കനിമൊഴിക്കും സമാനമായൊരു അനുഭവമുണ്ടായതായി അവര്‍ ട്വീറ്റില്‍ കുറിച്ചിരുന്നു. വിമാനത്താവളത്തിലെ സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍ ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍, ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാന്‍ കനിമൊഴി ആവശ്യപ്പെട്ടു. “ഹിന്ദി അറിയാത്ത നിങ്ങള്‍ ഇന്ത്യക്കാരിയാണോ” എന്നായിരുന്നു അന്നേരം ഉദ്യോഗസ്ഥന്റെ പ്രതികരണം. ഹിന്ദി അറിയുന്നതും ഇന്ത്യക്കാരനാകുന്നതും തുല്യമാണോ എന്ന് കനിമൊഴി ചോദിക്കുന്നു.

സംഘ്പരിവാറിന്റെ കാഴ്ചപ്പാടില്‍ ഹിന്ദി അറിയുന്നവരും ഹിന്ദിയെ അംഗീകരിക്കുന്നവരും മാത്രമാണ് ഇന്ത്യക്കാരെന്നതാണ് വസ്തുത. ഒരു രാഷ്ട്രം ഒരു ഭാഷയെന്നതാണ് ആര്‍ എസ് എസിന്റെ പ്രഖ്യാപിത നയം. ഇത് നടപ്പാക്കാനുള്ള ശ്രമത്തിലാണ് മോദി സര്‍ക്കാറെന്നാണ് കഴിഞ്ഞ സെപ്തംബര്‍ 14ന് ഹിന്ദി ദിനത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ അനിവാര്യമാണ്. കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയാണ് ആ ഭാഷയെന്നായിരുന്നു ഷായുടെ പ്രസ്താവന. ഭാഷാ വൈവിധ്യം ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന് വിഘാതമാണെന്നാണ് ആര്‍ എസ് എസിന്റെ കാഴ്ചപ്പാട്. കഴിഞ്ഞ വര്‍ഷം മെയ് 31ന് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ നയത്തിന്റെ കരടിലും പ്രാദേശിക ഭാഷക്കൊപ്പം ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധമായും പഠിക്കണമെന്ന നിര്‍ദേശം വെച്ചിരുന്നു. ഹിന്ദി നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നീട് പിറകോട്ട് പോകുകയും മാതൃഭാഷക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള നയത്തിന് അംഗീകാരം നല്‍കുകയും ചെയ്‌തെങ്കിലും അത് തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥനങ്ങളുടെ എതിര്‍പ്പ് ഭയന്നുള്ള ഒരു അവസരവാദപരമായ പിന്മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യം അംഗീകരിച്ച നിരവധി ഭാഷകളില്‍ ഒന്ന് മാത്രമാണ് ഹിന്ദി. ഇതിനെ പൊതു ഭാഷയാക്കാന്‍ ചരിത്രപരമായ ഒരു കാരണവും ചൂണ്ടിക്കാണിക്കാവതല്ല. രാജ്യത്തെ ഭൂരിപക്ഷമാളുകളും സംസാരിക്കുന്ന ഭാഷയാണ് ഹിന്ദിയെന്ന അവകാശവാദം ശരിയല്ലെന്ന് ഇന്ത്യയിലെ പ്രാദേശിക ഭാഷകളെയും ഗോത്ര മൊഴികളെയും കുറിച്ച് ദീര്‍ഘകാലം ഗവേഷണം നടത്തിയ ഡോ. ഗണേഷ് ദേവി വ്യക്തമാക്കുന്നു. ഹിന്ദി സംസാരിക്കുന്നവര്‍ രാജ്യത്ത് 30 ശതമാനത്തില്‍ താഴെയാണെന്നാണ് പഠന റിപ്പോര്‍ട്ടില്‍ അദ്ദേഹം പറയുന്നത്. ഇന്ത്യയിലെ ആദിമ ഭാഷ ദ്രാവിഡമാണെന്നാണ് ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സയന്‍സ് ഓഫ് ഹ്യൂമന്‍ ഹിസ്റ്ററി, ഡെറാഡൂണ്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഗവേഷകര്‍ സംയുക്തമായി നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത്. ആര്യന്മാര്‍ വരും മുമ്പേ ഇന്ത്യയിലുണ്ടായിരുന്നവരാണ് ദ്രാവിഡരെന്നും ഗവേഷണ പഠനങ്ങള്‍ കാണിക്കുന്നു. ഈയടിസ്ഥാനത്തില്‍ ഹിന്ദിയേക്കാളും ദ്രാവിഡ ഭാഷക്കാണ് കൂടുതല്‍ പ്രാമുഖ്യം കല്‍പ്പിക്കേണ്ടത്. ദ്രാവിഡ ഭാഷയുടെ വകഭേദമാണ് മലയാളം. ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രവുമായി ബന്ധപ്പെട്ട ഭാഷ ഹിന്ദുസ്ഥാനിയാണ്. പഴയ കാലത്ത് ഡല്‍ഹിയില്‍ ഉപയോഗിക്കപ്പെട്ടിരുന്ന ഖഡിബോലിയില്‍ നിന്ന് ഉരുത്തിരിഞ്ഞതും സംസ്‌കൃതം, പേര്‍ഷ്യന്‍, അറബി ഭാഷകളില്‍ നിന്ന് ധാരാളം പദങ്ങള്‍ കടം കൊണ്ടതുമാണ് ഹിന്ദുസ്ഥാനി. ഇതില്‍ നിന്നാണ് ഹിന്ദിയുടെയും ഉര്‍ദുവിന്റെയും ഉത്ഭവം. അക്ഷരമാലയിലും ലിപിയിലും മാത്രമേ ഹിന്ദിയും ഉര്‍ദുവും പ്രകടമായ വ്യത്യാസമുള്ളൂ. ഹിന്ദിക്ക് ദേവനാഗിരി ലിപി ഉപയോഗിക്കുമ്പോള്‍ ഉര്‍ദു പേര്‍ഷ്യന്‍ ലിപിയിലാണ് എഴുതുന്നതെന്നു മാത്രം. (സ്വാതന്ത്ര്യ സമരത്തിന് പ്രേരണയും പ്രചോദനവും പകര്‍ന്നതില്‍ ഉര്‍ദു ഭാഷ വലിയ പങ്കുവഹിച്ചിട്ടുണ്ട്). പൊതുവെ രാജ്യത്തെ ഭാഷകളുടെ ചരിത്രം പരിശോധിച്ചാല്‍ ഹിന്ദിക്ക് ദ്രാവിഡത്തേക്കാളോ ഉര്‍ദുവിനേക്കാളോ പ്രാമുഖ്യം കല്‍പ്പിക്കാവുന്ന ഘടകങ്ങളൊന്നും കണ്ടെത്താനാകില്ല.

ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടിരുന്നതായി പ്രചാരണമുണ്ട്. എന്നാല്‍ ഹിന്ദിക്കു വേണ്ടിയല്ല, ഹിന്ദുസ്ഥാനിക്കു വേണ്ടിയാണ് ഗാന്ധിജി വാദിച്ചിരുന്നതെന്നാണ് യാഥാര്‍ഥ്യം. ഗാന്ധിജിയെ വധിക്കാന്‍ നാഥുറാം ഗോഡ്‌സെ പറഞ്ഞ കാരണങ്ങളിലൊന്ന്, ഹിന്ദുസ്ഥാനി രാഷ്ട്ര ഭാഷയാക്കാന്‍ ഗാന്ധിജി ശ്രമിക്കുന്നുവെന്നും ഇത് മുസ്‌ലിംകളെ പ്രീണിപ്പിക്കാനായിരുന്നുവെന്നുമാണ്. ആര്യന്മാരുടെ ഭാഷയായ സംസ്‌കൃതം എഴുതുന്ന ദേവനാഗിരി ലിപിയാണ് ഹിന്ദിക്ക് ഉപയോഗപ്പെടുത്തുന്നതെന്നതാണ് സംഘ്പരിവാര്‍ ഹിന്ദിക്ക് പ്രാമുഖ്യം കല്‍പ്പിക്കാന്‍ കാരണം. സ്വാതന്ത്ര്യാനന്തരം സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടത് ഭാഷാടിസ്ഥാനത്തിലാണെന്നും നാനാത്വത്തിലെ വൈവിധ്യം ഉള്‍ക്കൊണ്ട് ഒരൊറ്റ ജനതയായി നിലനിര്‍ത്താന്‍ കഴിഞ്ഞത് ഇതുകൊണ്ടാണെന്നുമുള്ള വസ്തുതക്ക് നേരേ കണ്ണടക്കുകയാണിവര്‍.

Latest