മുഖ്യമന്ത്രി ശിവശങ്കറിന്റെ ഗോഡ്ഫാദര്‍: ഷാഫി പറമ്പില്‍

Posted on: August 24, 2020 3:38 pm | Last updated: August 24, 2020 at 4:43 pm

തിരുവനന്തപുരം | സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം എല്‍ എ. സ്‌വര്‍ണക്കടത്ത് വിഷയം ഉയര്‍ത്തിയാണ് ഷാഫി വിമര്‍ശനം ചൊരിഞ്ഞത്. സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്ക് എല്ലാ സഹായവും ചെയ്ത ശിവശങ്കറിന്റെ ഗോഡ്ഫാദറായ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇതുവരെയുണ്ടായ ഒരു ഭരണകാലത്തും എന്‍ ഐ എ സെക്രട്ടറിയേറ്റില്‍ കയറിയിട്ടില്ല. സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതികളെ സഹായിച്ചതിന്റെ ഓരോ വിവരങ്ങള്‍ പുറത്ത് വരുമ്പോഴും അതില്‍ പങ്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നന്ത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം ഇല്ലാത്ത ഒരേ ഒരാള്‍ മുഖ്യമന്ത്രി മാത്രമാണെന്നും ഷാഫി പറഞ്ഞു.

സ്വപ്‌ന സുരേഷിന് തളികയില്‍ ജോലി വച്ച് കേരളത്തിന്റെ സെക്രട്ടറിയേറ്റിനകത്ത് കേറാനുള്ള സ്വാധീനം ഉണ്ടാക്കിനല്‍കിയത് ഞങ്ങളല്ല. സ്വപ്‌ന സുരേഷിനെ ജോലിക്ക് എടുക്കണമെന്ന് കണ്‍സള്‍ട്ടന്‍സിയോട് നിര്‍ദേശിച്ചത് ശിവശങ്കറാണ്. ചെറുപ്പക്കാരെ ഇതുപോല വഞ്ചിച്ച സര്‍ക്കാര്‍ വേറെ ഇല്ല. ചോദ്യങ്ങളോടും വിമര്‍ശനങ്ങളോടും അസഹിഷ്ണുതയാണുള്ളത്. ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ലാതെ പോയപ്പോള്‍ മുഖ്യമന്ത്രി ബഹിഷ്‌ക്കരണമാണ് നടത്തിയതെന്നും ഷാഫി പറഞ്ഞു.