National
ലോക്ക്ഡൗണിൽ വരുമാനമില്ല; പട്ടിണി മൂലം അഞ്ച് വയസ്സുകാരി മരിച്ചു

ആഗ്ര| ലോക്ക്ഡൗണിൽ വരുമാനമില്ലാതെ കുടുംബം കൊടിയ ദാരിദ്ര്യത്തിലായതിനാൽ പട്ടിണി കുഞ്ഞിന്റെ ജീവനെടുത്തു. അഗ്രയിലെ ബറൗലി അഹീർ ബ്ലോക്കിലെ നാഗലവിധി ചന്ദ് ഗ്രാമത്തിലെ സോണിയ എന്ന അഞ്ച് വയസ്സുകാരിയാണ് പട്ടിണി മൂലം വിശന്ന് മരിച്ചത്. താൻ ദിവസ വേതന തൊഴിലാളിയാണെന്നും ഭർത്താവിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളതിനാൽ ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ലെന്നും പെൺകുട്ടിയുടെ അമ്മ 40കാരിയായ ഷീലാദേവി പറഞ്ഞു.
രണ്ടാഴ്ചയോളം അയൽവാസികളുടെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി കൊടുംപട്ടിണിയിലായിരുന്നു. മൂന്ന് ദിവസമായി അവൾക്ക് പനിയും ഉണ്ടായിരുന്നു. മരുന്നോ ഭക്ഷണമോ വാങ്ങാൻ കൈയിൽ പണമില്ലായിരുന്നെന്നും മകളെ രക്ഷിക്കാൻ സാധിച്ചില്ലെന്നും അവർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി അവൾ മരിച്ചു. റേഷൻ കാർഡ് ഇല്ലാത്തതിനാൽ റേഷൻ പോലും ലഭിച്ചിരുന്നില്ലെന്നും ലോക്ക്ഡൗൺ പ്രതിസന്ധിക്കിടെ തങ്ങളെ പോലുള്ളവരെ സഹായിക്കാൻ പ്രാദേശിക അധികാരികൾ ഒന്നും ചെയ്തില്ലെന്നും ഷീലാദേവി ചൂണ്ടിക്കാട്ടി. നാല് വർഷം മുമ്പ് നോട്ട് നിരോധന സമത്തായിരുന്ന എട്ട് വയസ്സുകാരനായ മകനും പട്ടിണി മൂലം മരിച്ചതെന്ന് ഇവർ പറഞ്ഞു.
എന്നാൽ പട്ടിണി മൂലമല്ല. പനിയും വയറിളക്കവും ബാധിച്ചതുമൂലമാണ് കുട്ടി മരിച്ചതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് കണ്ടെത്തും. മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എൻ സിംഗ് പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന് എത്രയും പെട്ടെന്ന് റേഷൻ കാർഡ് ലഭ്യമാക്കും. അവർക്ക് അവശ്യ ഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബം മൃതദേഹം അടക്കം ചെയ്യാൻ പാടില്ലായിരുന്നു. പോസ്റ്റ്‌മോർട്ടത്തിലൂടെ മരണകാരണം കണ്ടെത്താൻ കഴിയുമായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.