Connect with us

Kerala

സഭാ സമ്മേളനം മറ്റന്നാൾ; നിയമസഭയിൽ ആൻറിജൻ ടെസ്റ്റ് നടത്തും

Published

|

Last Updated

തിരുവനന്തപുരം | പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 24ന് തിങ്കളാഴ്ച നടത്തുന്നതിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിൽ കോവിഡ്-19 ആന്റിജൻ ടെസ്റ്റ് നടത്തും.

തിങ്കളാഴ്ച രാവിലെ ഏഴുമുതൽ നിയമസഭാംഗങ്ങൾക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും ടെസ്റ്റ് ഉണ്ടായിരിക്കും. നിയമസഭാ റിപ്പോർട്ടിംഗിനെത്തുന്ന മാധ്യമപ്രവർത്തകർക്കും ആന്റിജൻ ടെസ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

അതിനിടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സഭയിലെ ക്രമീകരണങ്ങൾ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ കെ ബാലൻ വിലയിരുത്തി. ശനിയാഴ്ച അദ്ദേഹം നിയമസഭ സന്ദർശിച്ചാണ് ക്രമീകരണങ്ങൾ വിലയിരുത്തിയത്.

കോവിഡ് മാനദണ്ഡം പാലിച്ചുള്ള സീറ്റുകളുടെ ക്രമീകരണം, പുതിയ ഇരിപ്പിടങ്ങൾ, സഭയിൽ പ്രവേശിക്കുന്നവർക്കുള്ള മുൻകരുതലുകൾ, അംഗങ്ങൾക്കും ജീവനക്കാർക്കും വാച്ച് ആന്റ് വാർഡിനുമുള്ള ആന്റിജൻ പരിശോധനയ്ക്കുള്ള ക്രമീകരണം തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം അദ്ദേഹം വിലയിരുത്തി. ജീവനക്കാരുമായി അദ്ദേഹം ചർച്ച നടത്തി ക്രമീകരണങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി.