Connect with us

Kerala

കോടതി വിധി അനുസരിക്കാത്തവരുമായി ചര്‍ച്ച നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ

Published

|

Last Updated

കോട്ടയം | കോടതി വിധി അനുസരിക്കാത്തവരുമായി ചര്‍ച്ച നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതീയന്‍ കാതോലിക്കാ ബാവ. ക്രൈസ്തവ സുവിശേഷ സാക്ഷ്യം അടിസ്ഥാനമാക്കി, ഓര്‍ത്തഡോക്‌സ് സഭാ വിജ്ഞാനീയ ദര്‍ശനം ഉള്‍ക്കൊണ്ട് ജനാധിപത്യ മൂല്യങ്ങളെ നിലനിര്‍ത്തി തയ്യാറാക്കിയിട്ടുള്ള 1934ലെ ഭരണഘടന ഇന്ത്യയിലെ പരമോന്നത നീതിപീഠം ആവര്‍ത്തിച്ച് അംഗീകരിച്ചിട്ടുള്ളതാണ്. ഇതിന്റെ നിഷേധം ദൈവിക നീതിയോടും രാജ്യത്തിന്റെ നിയമവ്യവസ്ഥിതി യോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതികളെ വിമര്‍ശിച്ചും ജഡ്ജിമാരെ കുറ്റപ്പെടുത്തിയും നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുളള പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നിരന്തര ശ്രമം നിയമവാഴ്ചയുളള രാജ്യത്ത് നടപ്പാകില്ല. ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം ആരംഭിച്ച കാലം മുതല്‍ പല തലത്തിലുളള ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. 1995-ല്‍ സുപ്രീം കോടതി തന്നെ ചര്‍ച്ചയില്‍ കൂടി പ്രശ്ന പരിഹാരത്തിന് പദ്ധതി തയ്യാറാക്കിയതാണ്. ജസ്റ്റീസ് മളിമഠിന്റെ നേതൃത്വത്തില്‍ പ്രശ്ന പരിഹാരത്തിന് ഇരുവിഭാഗങ്ങളും സമിതികളെ നിയോഗിച്ചുവെങ്കിലും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാതെ പാത്രിയര്‍ക്കീസ് വിഭാഗം അതില്‍നിന്ന് പിന്‍മാറുകയാണ് ചെയ്തത്.

സമവായത്തിലൂടെ പ്രശ്നം പരിഹരിക്കുന്നതിനുളള സുവര്‍ണ്ണാവസരമായിരുന്നു അത്. എന്നാല്‍ അതെല്ലാം പാത്രിയര്‍ക്കീസ് വിഭാഗം നിരസിക്കുകയായിരുന്നു. സുപ്രീംകോടതിയില്‍ 2017 ജൂലൈ മൂന്നിന് അവസാനിച്ച കേസ് പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയതാണ്. തങ്ങള്‍ തന്നെ കേസ് ആരംഭിക്കുകയും കീഴ് കോടതികള്‍ മുതല്‍ സുപ്രീം കോടതി വരെ കേസുകള്‍ നടത്തുകയും തങ്ങളുടെ വാദങ്ങള്‍ അനുവദിച്ച് കിട്ടാതെവരുകയും ചെയ്തപ്പോള്‍ കോടതി വിധി അംഗീകരിക്കില്ല എന്ന് പറയുന്നത് അപലപനീയമാണ് . നീതിപീഠത്തോടും നിയമ വ്യവസ്ഥിതിയോടു മുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.