Connect with us

National

കനത്ത മഴ: ഗുരുഗ്രാമിൽ റോഡുകൾ വെള്ളത്തിൽ

Published

|

Last Updated

ന്യൂഡൽഹി | കനത്ത മഴ തുടരുന്ന ഗുരുഗ്രാമിൽ വെള്ളക്കെട്ട് രൂക്ഷമായി. നഗരം വെള്ളത്തിൽ മുങ്ങിയതോടെ ജനജീവിതം തടസ്സപ്പെട്ടു. തുടർച്ചയായി പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മഴ മൂലമുണ്ടായ ഗതാഗതകുരുക്ക് 2016ൽ നഗരത്തിലുണ്ടായ വൻ ഗതാഗതകുരുക്കായ ഗുരുജാമിനെ ഓർമപ്പെടുത്തും വിധമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.  പ്രധാന റോഡുകളിലെല്ലാം വാഹനഗതാഗതം തടസ്സപ്പെട്ടു.
നഗരത്തിലെ പ്രധാന അടിപ്പാതകളെല്ലാം മുങ്ങിയ അവസ്ഥയിലാണ്.

ഹീറോ ഹോണ്ട ചൗക്കിന് സമീപമുള്ള ദേശീയ പാത മുഴുവനായി വെള്ളത്തിലാണ്. ഇതോടെ സർവീസ് റോഡുകളിലും വെള്ളം കയറുന്ന അവസ്ഥയുണ്ടായി. പലയിടങ്ങളിലും വാഹനങ്ങൾ മുങ്ങി. വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ബോട്ടുകൾ വിന്യസിച്ചു.സോഹ്ന ചൗക്ക്, സിക്കന്ദർപൂർ, ഗോൾഫ് കോഴ്‌സ്, ഹിംഗിരി ചൗക്ക് എന്നിവിടങ്ങളിലാണ് കനത്ത വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തത്.

ഇന്നലെ രാവിലെ മുതൽ ഇന്ന് രാവിലെ വരെയുളള 24 മണിക്കൂറിനിടെ റെക്കോർഡ് മഴയാണ് തലസ്ഥാനത്ത് പെയ്തത്. 46 മില്ലിമീറ്റർ. പാലം വിമാനത്താവളത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന മഴ മാപിനിയിൽ 70.99മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സാധാരണ ലഭിക്കേണ്ട മഴയുടെ ആറ് മടങ്ങാണിത്. രാത്രിയിൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ ഡൽഹിയിലെ അന്തരീക്ഷ ഊഷ്മാവ് 27 ഡിഗ്രിയായി താഴ്ന്നതായി അധികൃതർ വ്യക്തമാക്കി.

പശ്ചിമ വിഹാറിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. ഡൽഹിയിൽ ഇന്ന് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെളളപ്പൊക്ക കെടുതി നേരിടുന്ന ഗുരുഗ്രാമിൽ അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

Latest