Kerala
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതിന് പിന്നില്‍ വന്‍ അഴിമതി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാര്‍ മനസ്സാക്ഷിക്കുത്തില്ലാതെ എല്ലാം വിറ്റഴിക്കുകയാണെന്നുംബിജെപി നടത്തുന്നത് കോടികളുടെ അഴിമതിയാണെന്നും മന്ത്രി ആരോപിച്ചു.
170 കോടി രൂപയാണ് പ്രതിവര്‍ഷം ഈ വിമാനത്താവളത്തിന്റെ ലാഭം. ഈ വിമാനത്താവള കച്ചവടത്തിന് പിന്നില്‍ ബിജെപി കോടികളുടെ അഴിമതിയാണ് നടത്തിയത്. പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണത്തിനായി 600 കോടി രൂപയാണ് എയര്‍പോര്‍ട്ട് അതോററ്റി മുടക്കാന്‍ നീക്കിവെച്ചിരിക്കുന്നത്. അതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യത്തെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.
നേരത്തെ പോര്‍ട്ട് വിറ്റു. ഇപ്പോള്‍ വിമാനത്താവളം വില്‍ക്കാനുള്ള തീരുമാനവും കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുകയാണ്. വിമാനത്താവള വിഷയത്തില്‍ കേസ് കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെ വിധി വരും മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. ഈ തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും കനത്ത അഴിമതിയാണ് ഇതിനു പിന്നിലുള്ളതെന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.